അമ്പലപ്പുഴ: പലരും മക്കളുടെ വിവാഹ ദിനം ആർഭാടപൂർവം നടത്താൻ ലക്ഷക്കണക്കിനു രൂപ പൊടിപൊടിക്കുമ്പോൾ ഇവിടെ ഒരച്ഛൻ ആ ദിനം ഏവർക്കും മാതൃക കാട്ടുന്നതാക്കിമാറ്റി.
മകന്റെ വിവാഹ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ കുടുംബം മാതൃകയായത്. അമ്പലപ്പുഴ കോമന ശ്രീഹരിയിൽ സി. ഹരിദാസിന്റെ പ്രവൃത്തിയാണ് മാതൃകയായത്.
ഏക മകൻ അമലിന്റെ വിവാഹ സൽക്കാര വേദിയിലാണ് ഹരിദാസ് ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. 15 ഓളം പേർക്ക് ഭക്ഷ്യധാന്യക്കിറ്റ്, വീൽച്ചെയർ, വാക്കർ, എയർ ബെഡ് , കിടപ്പു രോഗികൾ ഉപയോഗിക്കാനായി പാഡ് എന്നിവയാണ് നൽകിയത്.
എച്ച്. സലാം എംഎൽഎയിൽ നിന്ന് ജീവകാരുണ്യ പ്രവർത്തകൻ സി.കെ. ഷെരീഫ് ഇവ ഏറ്റുവാങ്ങി. ഏവർക്കും മാതൃകയായ പ്രവർത്തനമാണ് ഹരിദാസ് കാട്ടിയതെന്ന് എച്ച്. സലാം പറഞ്ഞു.