സിറിയയില്‍ അരങ്ങേറുന്നത് വന്‍ മനുഷ്യാവകാശ ലംഘനം ! ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം; പ്രതികള്‍ സന്നദ്ധപ്രവര്‍ത്തകര്‍…

 

ഡമാസ്‌കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്.

ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്‌പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്‌പെന്‍സര്‍ പറയുന്നു.

ആഭ്യന്തര യുദ്ധത്തില്‍ സകലതും നഷ്ടപ്പെട്ട് ആഹാരം യാചിക്കുന്നവരോടാണ് ‘സന്നദ്ധ പ്രവര്‍ത്തകരുടെ’ ഈ നാണംകെട്ട പെരുമാറ്റമുണ്ടാവുന്നത്. ഐക്യരാഷ്ട്ര സംഘടന അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികള്‍ ഏറ്റുവാങ്ങി കൈവശം വച്ചശേഷം ഇവര്‍ സ്ത്രീകളെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കും. ഇതിനു വഴങ്ങുന്നവര്‍ക്കു മാത്രമേ ഭക്ഷണപ്പൊതികള്‍ വിട്ടുകൊടുക്കുകയുള്ളൂ.

‘ഭക്ഷണം ലഭിക്കുന്നതിനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ചെറിയ കാലത്തേക്ക് ഇത്തരം ഉദ്യോഗസ്ഥര്‍ക്കു വിവാഹം ചെയ്തു കൊടുക്കാറുണ്ട്. ‘ലൈംഗിക സേവനത്തിനായാണ്’ ഇതെന്നു വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്തി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറും ഇവര്‍ ചോദിച്ചുവാങ്ങും.

ചില സമയം, വീട്ടിലെത്തിക്കാമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റുകയും ചെയ്യും. വീടു സന്ദര്‍ശിക്കാന്‍ ആഗ്രഹമെന്നു പറഞ്ഞു ഭക്ഷണ വസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കാറുണ്ട്. ഇങ്ങനെ വീട്ടിലെത്തിച്ചു നല്‍കുന്നതിന് ഒരു രാത്രി അവര്‍ക്കൊപ്പം ചെലവഴിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇത്തരത്തില്‍ ചൂഷണത്തിനിരയാക്കുന്നത്.

അതേസമയം, ഇക്കാര്യത്തെക്കുറിച്ചു ഒരറിവും ഇല്ലായിരുന്നുവെന്നു യുഎന്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും അറിയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇക്കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു വന്നിട്ടും ഇപ്പോഴും ഇതു തുടരുന്നതു ഞെട്ടിക്കുന്നതാണ്.

ചില കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്ഷേപമെങ്കിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതു നാണക്കേണ്ടുണ്ടാക്കിയിട്ടുണ്ടെന്ന് ചില സന്നദ്ധസംഘടനകള്‍ അറിയിച്ചു. ഈയൊരു ദുരിതാവസ്ഥ മൂലം ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന സ്ഥലങ്ങളിലേക്ക് സ്ത്രീകള്‍ വരാന്‍ മടിക്കുന്നതിനു പിന്നില്‍ ഇതാണെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണ വിതരണകേന്ദങ്ങളില്‍ ശരീരം വിറ്റു വേണം ഭക്ഷണം നേടാനെന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നത്. സിറിയയിലെ പല സ്ഥലങ്ങളിലേക്കും രാജ്യാന്തര സംഘടനകള്‍ക്കു നേരിട്ടു പ്രവേശിക്കാനാകാത്തതിനാല്‍ പ്രാദേശിക കൗണ്‍സിലുകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണു സഹായം നല്‍കാന്‍ ഏല്‍പ്പിക്കുന്നത്.

ഇതിനാല്‍ത്തന്നെ പല കാര്യങ്ങളിലും രാജ്യാന്തര സംഘടനകള്‍ക്കു മുന്നറിയിപ്പു ലഭിച്ചാലും വിട്ടുവീഴ്ച ചെയ്യേണ്ടിവരാറുണ്ടെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) നടത്തിയ പഠനത്തില്‍ ലിംഗവിവേചനം അരങ്ങേറുന്നതായി പറയുന്നുണ്ട്.

സിറിയയിലെ പല പ്രവിശ്യകളിലും മാനുഷിക സഹായങ്ങള്‍ക്കു പകരം ‘സെക്‌സ്’ ആവശ്യപ്പെടുന്നതായും ഈ പഠനത്തില്‍ പറയുന്നു. സേവ് സിറിയ ഹാഷ് ടാഗുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പുറത്തു വരുന്ന ഇത്തരം വിവരങ്ങള്‍ ലോകജനതയെത്തന്നെ ഞെട്ടിക്കുകയാണ്.

 

Related posts