നെയ്യാറ്റിൻകര: വേദിയിൽ ചാർളി ചാപ്ലിന്റെ വേഷം ധരിച്ച ഒരു മനുഷ്യൻ. അരികിൽ ഒരു ബോർഡും- ചിരിക്കാത്ത മനുഷ്യൻ. അദ്ദേഹത്തെ ചിരിപ്പിച്ചാൽ സമ്മാനം എത്രയാണെന്നറിയാമോ ? അഞ്ചുലക്ഷം. കോഴിക്കോട് സ്വദേശി രാഘവനാണ് നെയ്യാർ മേളയിലെ വളരെ കൗതുകകരമായ ഈ കാഴ്ചയുടെ ഉടമ. കുട്ടികളും മുതിർന്നവരും അദ്ദേഹത്തെ ചിരിപ്പിക്കാൻ നന്നായി പരിശ്രമിക്കുന്നുണ്ട്.
പക്ഷെ, ഫലം ഇതുവരെയും ലഭിച്ചില്ലെന്ന് മാത്രം. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ആരംഭിച്ച നെയ്യാർ മേളയിൽ ഇത്തരം രസകരമായ നിരവധിയിനങ്ങളുണ്ട്. കുരുന്നുകളെ ആകർഷിക്കുന്ന വിധത്തിലാണ് നഗരസഭ സ്റ്റേഡിയത്തിൽ കാർണിവൽ ഒരുക്കിയിട്ടുള്ളത്. കാർണിവലിലെ വൈവിധ്യമാർന്ന ഇനങ്ങളുടെയെല്ലാം പിന്നിൽ ഇതരസംസ്ഥാന തൊഴിലാളികളാണ്.
വ്യാപാര -വ്യവസായ സ്റ്റാളുകളും പ്രവർത്തനം ആരംഭിച്ചു. കളിക്കോപ്പുകളും ഗാർഹികോപകരണങ്ങളും അടക്കം വ്യത്യസ്തയിനം വിൽപ്പനസ്റ്റാളുകളും സജീവമായി. ഓണം വിനോദസഞ്ചാര വാരാഘോഷത്തിന്റെ വേദികളിലൊന്നായ നെയ്യാറ്റിൻകരയിലെ ഈ ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ ആകർഷകമായ നിരവധി കലാവിരുന്നുകൾ സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ സായാഹ്നത്തിൽ അരങ്ങേറിയ ആട്ടക്കളം ഗോത്രകലാമേള സദസ്സിന്റെ മനം കവർന്നു.
പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ പതി ഫോക്ക് അക്കാദമിയാണ് കലാമേള അവതരിപ്പിച്ചത്. നാട്ടുസംഗീതത്തിന്റെ വായ്മൊഴിയും പുതുതലമുറയുടെ ചടുലതാളങ്ങളും കലാഭവൻ മണിയുടെ പാട്ടുകളും ഈണങ്ങളും കോർത്തിണക്കിയുള്ള ആട്ടക്കളം കാഴ്ചക്കാർക്ക് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. ശ്രുതിലയം ഡാൻസ് അക്കാദമിയുടെ മഞ്ജീരധ്വനി, ചന്ദ്രസേനൻ മിതൃമലയുടെ മാജിക്ക് എന്നിവയും ഇന്നലെ നടന്നു.
ഇന്ന് വൈകുന്നേരം 4.30 ന് ശ്രാവണസന്ധ്യയിൽ കുട്ടികളുടെ കലാപരിപാടികൾ. രാത്രി ഏഴിന് നെയ്യാർ നിശ പ്രതിഭാ സംഗമവും അവാർഡ്ദാനവും. നെയ്യാറ്റിൻകരയിലെ സാമൂഹ്യ-സാംസ്കാരിക- വ്യവസായ- കലാ- കായിക പ്രതിഭകളുടെ സംഗമം. മന്ത്രി പി. തിലോത്തമൻ സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ ബെൻ ഡാർവിൻ അധ്യക്ഷനാകും. കരമന ജയൻ, കടകുളം ശശി, ബി.എസ് ചന്തു, ഗ്രാമം പ്രവീണ് എന്നിവർ പ്രസംഗിക്കും.