അനുയോജ്യമായവയുടെ അതിജീവനമാണ് ഈ പ്രകൃതിയില് കാണാനാവുന്നത്. ശാരീരികമായ കുറവുകളെ മാനസിക ശക്തികൊണ്ട് അതിജീവിച്ച് ജീവിതവിജയം നേടുന്ന പലരെയും ഈ ലോകത്ത് കാണാം.
അത്തരത്തിലൊരാളാണ് കനേഡിയന് സ്വദേശിയായ ചാര്ലി റൂസോ. തന്റെ ശാരീരിക അവസ്ഥകളോടു പോരാടിയാണ് ഭിന്നശേഷിക്കാരിയായ ചാര്ലി തന്റെ ഇന്നത്തെ ജീവിതം സ്വന്തമാക്കിയത്.
കൗമാരപ്രായത്തില് അമ്മ നടത്തിയ ഗര്ഭച്ഛിദ്രശ്രമം പരാജയപ്പെട്ടതോടെയാണ് പാതി വളര്ച്ചയുള്ള കാലുകളും ഒരു കൈയും മാത്രമായി ചാര്ളി ജനിക്കുന്നത്.
താന് വൈകല്യത്തോടെയാണ് ജനിച്ചതെന്ന് 16 വയസുവരെ ചാര്ളി തിരിച്ചറിഞ്ഞിരുന്നില്ല. അവള് ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. ”ഞാന് ഒരു ഭിന്നശേഷിക്കാരിയാണെന്ന് 16 വയസ് വരെ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല.
എന്റെ മാതാപിതാക്കള് എന്നെ ഒരു സാധാരണ സ്കൂളില് വിട്ടാണ് പഠിപ്പിച്ചത്. എനിക്ക് സാധാരണ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
എനിക്ക് അസ്വാഭാവികതകള് ഒന്നും തന്നെ തോന്നിയില്ല. ആണ്കുട്ടികളുമായി ഡേറ്റിംഗ് ചെയ്യാന് താല്പര്യം തോന്നിത്തുടങ്ങിയപ്പോള് മാത്രമാണ് എന്റെ ശാരീകാവസ്ഥയെ ഞാന് ശരിക്കും മനസിലാക്കിത്തുടങ്ങിയത്.
ഞാന് വളരെ വ്യത്യസ്തയായിരുന്നു. ആണ്കുട്ടികള് എന്നെ ചുംബിക്കാന് ശ്രമിക്കുമ്പോള്, അവര്ക്ക് കുനിഞ്ഞ് നില്ക്കേണ്ടി വന്നു.
എനിക്ക് എന്നെങ്കിലും ഒരു കാമുകന് ഉണ്ടാകുമോ എന്നു പോലും ഞാന് ചിന്തിച്ചു തുടങ്ങി…ചാര്ലി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
ഗര്ഭച്ഛിദ്രം പരാജയപ്പെട്ടെങ്കിലും ആശുപത്രിക്കെതിരെ കേസ് കൊടുക്കേണ്ടതില്ലെന്ന് ചാര്ളിയുടെ മാതാപിതാക്കള് തീരുമാനിക്കുകയായിരുന്നു.
കാരണം, കേസിനു പുറകേ പോകുന്നതും അതിന്റെ സമ്മര്ദവുമെല്ലാം ചാര്ളിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാതാപിതാക്കള് മനസിലാക്കിയിരുന്നു.
”അവര്ക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. ആശുപത്രിയെ അധികൃതര്ക്കെതിരേ നിയമനടപടി സ്വീകരിക്കാമായിരുന്നു. പക്ഷേ ഞങ്ങള് ഒരു ചെറിയ പട്ടണത്തിലാണ് താമസിക്കുന്നത്. ഞാന് വളരുന്തോറും അതേക്കുറിച്ച് പല കഥകളും പരക്കുമെന്ന് അവര്ക്കറിയാം. അത് എന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എന്റെ മാതാപിതാക്കള് വിശ്വസിച്ചു”. ചാര്ളി പറഞ്ഞു.
ഒരു റേഡിയോ ഹോസ്റ്റായി ജോലി ചെയ്യുന്ന ചാര്ളി റൂസോ ഇന്സ്റ്റാഗ്രാമിലും, ടിക് ടോക്കിലും പ്രശസ്തയാണ്.
തനിക്ക് കുറവുകള് ഉണ്ടെങ്കിലും ലോകം മുഴുവന് സഞ്ചരിക്കണമെന്നാണ് ചാര്ളിയുടെ ആഗ്രഹം.
ഇതിനകം യുകെ, ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെല്ലാം അവള് സന്ദര്ശിച്ചു. ആളുകള് തന്നോട് സൗഹാര്ദ്ദപരമായും ദയയോടെയും ആണ് പെരുമാറുന്നതെന്നും അവള് പറയുന്നു.