വത്തിക്കാൻ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും ഏപ്രിൽ എട്ടിന് വത്തിക്കാനിലെത്തും. വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫ്രാൻസിസ് മാർപാപ്പ നിലവിൽ ആശുപത്രിയിലാണെങ്കിലും ഏപ്രിൽ എട്ടിന് അദ്ദേഹവുമായി നേരിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാജദന്പതികളുടെ സന്ദർശനം തീരുമാനിച്ചിട്ടുള്ളത്.
ചാൾസിനും കാമിലയ്ക്കും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും ഇതിനായി പ്രാർഥിക്കുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരവൃത്തങ്ങൾ ലണ്ടനിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് റോമിലെത്തുന്ന ചാൾസ് രാജാവും ഭാര്യയും പത്തിനായിരിക്കും മടങ്ങുക.
ഏപ്രിൽ എട്ടിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ‘സൃഷ്ടിയെ പരിപാലിക്കുക’ എന്ന വിഷയത്തിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവ് പങ്കെടുക്കും.
2017ലും 2019ലും വെയിൽസ് രാജകുമാരനെന്ന നിലയിൽ ചാൾസ് ഇറ്റലിയിലും വത്തിക്കാനിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വർഷം മുന്പ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമാണിത്.