പന്ത്രണ്ടോളം വിദേശികളെ ക്രൂരമായി കൊന്നുതള്ളിയ കൊലപാതകി ഒരു കാലത്തു തീഹാർ ജയിൽ പോലും അടക്കി വാഴുകയായിരുന്നു. ജയിൽ ജീവനക്കാരെ സുഹൃത്തുക്കളാക്കിയും കൈമടക്ക് നൽകിയും അതിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് ശോഭരാജ് ഈ സൗഭാഗ്യങ്ങൾ അനുഭവിച്ചത്.
ശന്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ എത്തിത്തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ശോഭരാജിന്റെ ആഡംബര ജയിൽ ജീവിതത്തോടു കണ്ണടച്ചു.
” കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന ജയിലിൽ എനിക്കു സ്വന്തമായൊരു മുറിയും ടിവിയും ഉണ്ടായിരുന്നു. കൂടാതെ എന്റെ അഭിഭാഷകൻ വഴി പതിവായി എനിക്കു വരുന്ന കത്തുകളും പരിശോധിക്കുമായിരുന്നു.’-
ഒരു അഭിമുഖത്തിൽ ജയിൽ വാസത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു ശോഭരാജിന്റെ പ്രതികരണം.
ജയിൽ പാചകക്കാരനും
ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന കാലത്തു ചാൾസ് ശോഭരാജ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ചും അതിനായി അയാൾ പ്രയോഗിച്ചിരുന്ന തന്ത്രങ്ങളെക്കുറിച്ചും തിഹാർ ജയിൽ ഡെപ്യുട്ടി സുപ്രണ്ടായിരുന്ന സുനിൽ ഗുപ്ത ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഒരു സ്റ്റുഡിയോ അപാർട്മെന്റിന് സമാനമായ സൗകര്യങ്ങളോടു കൂടിയ മുറിയാണ് ശോഭരാജിനു വേണ്ടി ഒരുക്കിയത്. കൂടാതെ അയാൾക്കു ഭക്ഷണം പാകം ചെയ്യുന്നതിനു മാത്രമായി ഒരു പാചകക്കാരനുമുണ്ടായിരുന്നു.
തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശോഭരാജ് ജയിൽ ജീവനക്കാർക്കു കൈക്കൂലി നൽകുമായിരുന്നെന്നും അയാളുടെ പെൺ സുഹൃത്തുക്കൾ പതിവായി ജയിൽ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.
ജയിലിൽ കിടക്കുന്ന ശോഭരാജിന് എവിടുന്നാണ് ഇത്രയേറെ പണം എന്നു സംശയം തോന്നിയേക്കാം. ശോഭരാജിന്റെ ജീവിതകഥ പുസ്തകമാക്കിയതിനെത്തുടർന്നു കിട്ടിയ റോയൽറ്റിപ്പണമാണ് അയാൾ ജയിലിൽ ഒഴുക്കിയത്.
അഭിമുഖങ്ങൾക്കും ശോഭരാജ് വലിയ തുക കൈപ്പറ്റിയിരുന്നതായി പറയുന്നു. ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകുന്പോൾത്തന്നെ അവരുമായുള്ള സംഭാഷണം ഡിക്ടാഫോൺ ഉപയോഗിച്ചു റെക്കോർഡ് ചെയ്യുന്ന പതിവും ശോഭരാജിനുണ്ടായിരുന്നു.
ആരെങ്കിലും തന്റെ താത്പര്യത്തിനു വിപരീതമായി പെരുമാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു ഇത്.ഇംഗ്ലീഷിൽ നല്ല അറിവുണ്ടായിരുന്ന ശോഭരാജ് ജയിലിലെ ജീവനക്കാർക്കും സഹതടവുകാർക്കും
ഹർജികളും മറ്റും തയാറാക്കി നൽകിയിരുന്നതെന്നും നിയമം പഠിച്ചിട്ടില്ലെങ്കിലും സ്വന്തമായി കോടതിയിൽ കേസ് വാദിക്കാനുള്ള അയാളുടെ മികവു കണ്ട് മുതിർന്ന അഭിഭാഷകർ അയാൾക്കു നിയമ പുസ്തകങ്ങൾ നൽകിയിരുന്നെന്നും ഗുപ്ത പറയുന്നു.
ജയിൽ വാർഷികം!
1986ൽ ജയിൽ ജീവിതത്തിന്റെ പത്താം വാർഷികം ശോഭരാജ് ആഘോഷിച്ചതു ജയിലിലെ ജീവനക്കാർക്കും സഹവാസികൾക്കും പാർട്ടി നടത്തിക്കൊണ്ടാണ്. ആഘോഷരാവിനെ എല്ലാവരും കണ്ടത് ശോഭരാജിന്റെ സ്നേഹപ്രകടനമായാണ്.
എന്നാൽ, ആ പ്രകടനത്തിനു പിന്നിലുമുണ്ടായിരുന്നു ശോഭരാജിന്റെ കുശാഗ്രബുദ്ധി. ആഘോഷത്തിൽ വിളന്പിയ ഭക്ഷണത്തിലും പാനീയങ്ങളിലും അയാൾ മയക്കുമരുന്നു കലർത്തി.
വിരുന്നിൽ പങ്കെടുത്തവർ ഓരോരുത്തരായി മയങ്ങി വീഴുന്നതു നോക്കിനിന്ന ശേഷം അവർക്കിടയിലൂടെ ഒരു ജേതാവിനെപ്പോലെ അയാൾ പുറത്തേക്കു നടന്നു. ഇരുട്ടു വീണ വഴിയിലൂടെ അയാൾ ജയിലിനു പുറത്തേക്കു നടന്നു. വളരെ സമർഥമായ ഒരു ജയിൽ ചാട്ടം.
വീണ്ടും ജയിലിലേക്ക്
പിന്നീട് മുംബൈ പോലീസിലെ സമർഥനായ ഇൻസ്പെക്ടർ മധുകർ ഷിൻഡെ ശോഭരാജിനെ ഗോവയിൽ നിന്നു പിടികൂടി. ഇതോടെ ശിക്ഷാ കാലാവധി പത്തു വർഷത്തേക്കു കൂടി നീട്ടി.
1997 ഫെബ്രുവരി 17ന് ശോഭരാജ് ജയിൽ മോചിതനായി. അത്രയും നാൾ അയാൾക്കെതിരേ നിരന്ന തെളിവുകളും വാറണ്ടുകളും ദൃക്സാക്ഷികളുമെല്ലാം എവിടെപ്പോയെന്ന് ആരും കണ്ടില്ല.
ഒടുവിൽ ഇന്ത്യൻ അധികൃതർ വിദേശിയായ ശോഭരാജിനെ സ്വതന്ത്രനാക്കി. അയാൾ ഫ്രാൻസിലേക്കു മടങ്ങി.
മിസ് ലിയോ
(തുടരും).