മിസ് ലിയോ
“ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്കെങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം.’
സന്മമനസുള്ളവർക്കു സമാധാനം എന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ തിലകൻ അവതരിപ്പിച്ച ദാമോദർജി എന്ന കഥാപാത്രം മോഹൻലാലിന്റെ കഥാപാത്രത്തോടു പറയുന്ന ഈ ഡയലോഗ് ഏറ്റു പറയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും.
ചാൾസ് ശോഭരാജിനെക്കുറിച്ചുള്ള പരാമർശം നമ്മെ കുടുകുടെ ചിരിപ്പിക്കുമെങ്കിലും യഥാർഥത്തിൽ ആരായിരുന്നു ചാൾസ് ശോഭരാജ് എന്നറിയുന്പോൾ മുഖത്തെ ചിരി മാഞ്ഞ് ഭയത്തിന്റെ ഇരുൾ പടരും.
ഒരു കാലഘട്ടത്തിൽ ഇയാളുടെ ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. കൊലപാതകത്തിലൂടെ മാത്രമല്ല, ജയിൽച്ചാട്ടത്തിലൂടെയും ശോഭരാജ് കുപ്രസിദ്ധിയാർജിച്ചു. ഫ്രാൻസ് ആയിരുന്നു പ്രധാന കേന്ദ്രമെങ്കിലും പിന്നീട് ഇന്ത്യ അടക്കം ലോകത്തിന്റെ പല ഭാഗങ്ങളും ഇയാളുടെ ക്രൂരതയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിന്നു.
ആരാണ് ചാൾസ് ശോഭരാജ്?
കൊടും ക്രൂരതകളുടെ പര്യായമാണ് ചാൾസ് ശോഭരാജ് എന്ന പേര്. ചോരയുടെ മണം ഹരമായിരുന്ന മനുഷ്യൻ. 1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യൻ വംശജനായ അച്ഛന്റെയും വിയറ്റ്നാം സ്വദേശിയായ അമ്മയുടെയും മകനായി ഹത്ചന്ദ് ഭഒനാനി ചാൾസ് ശോഭ് രാജ് ജനിച്ചു. ശോഭരാജ് കുട്ടിയായിരിക്കുന്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു.
പിന്നീടുള്ള ജീവതം വിശപ്പും പട്ടിണിയുമറിഞ്ഞ്, വിയറ്റ്നാമിന്റെ തെരുവോരങ്ങളിൽ. ഭർത്താവുമായി വേർപിരിഞ്ഞ് അധികം വൈകാതെ ശോഭരാജിന്റെ അമ്മ ഫ്രഞ്ച് പട്ടാള ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു.
കുഞ്ഞു ശോഭരാജിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായിരുന്നു രണ്ടാനച്ഛന്റെ വരവ്. അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പം ശോഭരാജ് ഫ്രഞ്ച് ഇൻഡോ ചൈനയിലേക്കു താമസം മാറി.
എന്നാൽ, അമ്മയ്ക്കും രണ്ടാനച്ഛനും കുട്ടികൾ ജനിച്ചതോടെ ശോഭരാജ് അവിടെ അധികപ്പറ്റായി മാറി. അതോടെ അവർ ശോഭരാജിനെ ഒരു ബോർഡിംഗ് സ്കൂളിലേക്കു മാറ്റി.
കുട്ടിക്കുറ്റവാളി
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മിടുക്കനായി എത്തുന്ന ശോഭരാജിനെ കാത്തിരുന്നവർക്കു തെറ്റി. പഠനം പൂർത്തിയാക്കി ബോർഡിംഗിൽ നിന്നെത്തിയ ശോഭരാജിന് ഒരു കുട്ടിക്കുറ്റവാളിയുടെ എല്ലാ ദുഃസ്വഭാവങ്ങളുമുണ്ടായിരുന്നു.
വലിയ വലിയ കുറ്റകൃത്യങ്ങളിലേക്കുള്ള ചവിട്ടുപടികളായി ശോഭരാജ് നടത്തിയ കൊച്ചുകൊച്ചു മോഷണങ്ങൾ. വിവിധ മോഷണക്കേസുകളിലായി കുട്ടിക്കുറ്റവാളി കൈയോടെ പിടിക്കപ്പെട്ടു.
1963ൽ ശോഭരാജ് എന്ന കൗമാരക്കാരൻ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു. മോഷണം തന്നെയായിരുന്നു കുറ്റം. സംഗതി ക്രൂരനാണെങ്കിൽ നല്ല നടപ്പു നടിച്ച് ആരെയും വശത്താക്കാനുള്ള കഴിവ് ശോഭരാജിനുണ്ടായിരുന്നു.
ഈ കഴിവ് ജയിലുദ്യോഗസ്ഥരോടും ശോഭരാജ് പ്രയോഗിച്ചു. അവർക്കുമുന്നിൽ നല്ല കുട്ടിയായി നടിച്ചു മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യങ്ങൾ ശോഭരാജ് കൈക്കലാക്കി.
ഇതിന്റെ ഭാഗമായി ജയിലിനുള്ളിൽ പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള പ്രത്യേക അനുമതി ശോഭരാജിന് ഉദ്യോഗസ്ഥർ നൽകിയിരുന്നു. ഇതേസമയം ധനികനും യുവ സന്നദ്ധപ്രവർത്തകനുമായ ഫെലിക്സുമായി ശോഭരാജ് സൗഹൃദം സ്ഥാപിച്ചു.
പുതിയ കൂട്ടുകെട്ടുകൾ
ജയിലിൽനിന്നു പരോളിൽ ഇറങ്ങിയ ശേഷം ശോഭരാജ് ഫെലിക്സിനൊപ്പം കൂടി. പാരീസിലെ ഉന്നതരോടും കുറ്റവാളികളോടും ഒരുപോലെ അടുപ്പത്തിലായി. പലതരം തട്ടിപ്പും വെട്ടിപ്പും കൊള്ളയും നടത്തി ഇയാൾ പണം ശേഖരിച്ചു.
ഇക്കാലയളവിലാണ് കാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ച് വനിതയെ ശോഭരാജ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്നു കാന്റൽ.
ശോഭരാജിനെക്കുറിച്ച് എല്ലാം അറിയുന്ന കാന്റൽ അയാളെ പൂർണ മനസോടെ പ്രണയിച്ചു. കാന്റലുമായി അഗാധ പ്രണയത്തിലായ ശോഭരാജ് ഇവരെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി കാന്റലിന്റെ കുടുംബത്തെ സമീപിച്ചു.
എന്നാൽ, അതേ ദിവസം തന്നെ പോലീസിനെ വെട്ടിച്ചോടിയ സംഭവത്തിൽ ശോഭരാജ് പിടിയിലായി. കോടതി ശോഭരാജിനെ എട്ടുമാസം തടവിനും വിധിച്ചു.
(തുടരും)