ഹൊബാർട്ട് / അങ്കമാലി : ഓസ്ട്രേലിയയിലെ പ്ലസ്ടു ( ഗ്രേഡ് പന്ത്രണ്ട്) പരീക്ഷ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥി ചരിത്രമെഴുതി. അങ്കമാലി സ്വദേശി ചാൾസ് ജിബിയാണ് സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്.
ദി അസസ്മെന്റ് ബോർഡ് ഇൻ ടാസ്മാനിയ (TASC) ആണ് പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. ടാസ്മാനിയയിലെ നോർത്ത് ഹൊബാർട് എലിസബത്ത് കോളേജിലായിരുന്നു ചാൾസ് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 99.95 ശതമാനം എന്ന സർവകാല റിക്കാർഡ് മാർക്കോടു കൂടിയാണ് ചാൾസ് ഒന്നാം റാങ്കിൽ എത്തിയത്.
അങ്കമാലി കരയാംപറംബ് പുതുശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാൾസിന്റെ മാതാപിതാക്കൾ. ഗ്ലെനോർക്കി സെൻറ് ഡൊമിനിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക ഏക സഹോദരിയാണ്. ഇതിനോടകം തന്നെ കായിക രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ചാൾസ് ഹൊബാർട്ടിലെ വിവിധ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്ലബുകളിലെ സ്പെഷ്യലിസ്റ്റ് സ്പിൻ ബൗളർ കൂടിയാണ്. ടാസ്മാനിയയിലെ സ്കൂൾ വിദ്യാഭ്യസം പൊതുവെ ഉന്നത നിലവാരം പുലർത്തുന്നു എന്നാണ് വിലയിരുത്തൽ.
നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയും മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഓസ്ട്രേലിയയിലെ മുന്തിയ യൂണിവേഴ്സിറ്റികളിൽ നിന്നും നിരവധി വാഗ്ദാനങ്ങൾ ഈ മലയാളി വിദ്യാർഥിയെ തേടി വന്നു കഴിഞ്ഞു.