പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ ഒരു ബാല്യകാലമുണ്ടായിരുന്നു. കുള്ളനെന്നും കുറിയവനെന്നും ഉണ്ടപ്പക്രുവെന്നും വിളിച്ചുള്ള കളിയാക്കലുകൾ.
പഠിക്കാന്‍ മണ്ടനാണെന്നു സ്വയം വിശേഷിപ്പിച്ച കാലം. കൂരമ്പുകള്‍ നെഞ്ചില്‍ പേറി സ്വയം രക്ഷാകവചം സൃഷ്ടിച്ചുവളര്ന്ന വിനോദ് എന്ന ചാര്‍ളിയുടെ ജീവിതമാണിത്.
നാളെ ഒക്ടോബര്‍ 25. ലോകത്തിലെ ചെറിയ മനുഷ്യരുടെ(വളര്ച്ചമുരടിച്ച, കുറിയ മനുഷ്യരുടെ) ബോധവല്‍ക്കരണത്തിന്റെ ദിനമായി ( international dwarfism awareness day) ആഘോഷിക്കുമ്പോള്‍ ചാര്‍ളിക്ക് തിരക്കാണ്.
ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പും ഫെയ്സ് ബുക്ക് കൂട്ടായ്മയും സൃഷ്ടിച്ചു എല്ലാവരെയും കൂട്ടിച്ചേര്‍ക്കുകയാണ് ചാര്‍ളി.
ചാര്‍ളിക്ക് ഒത്തിരികാര്യങ്ങള്‍ ചെയ്യാനുണ്ട്.പരിഹാസം ഏറ്റുവാങ്ങുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കാനുള്ള, പോരാടാനുള്ള ധൈര്യം നല്‍കാനുള്ള കൂട്ടായ്മ. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് ചാര്‍ളി.
കേരളത്തില്‍ നിന്നു ദുബായിലെത്തിയപ്പോള്‍ എല്ലാവരെയുംചിരിപ്പിച്ചു ചാര്‍ളി ചാപ്ലിനെ പോലെ വാഴുമ്പോള്‍ വന്നു വീണ പേരാണ് ചാര്‍ളി. മജിഷന് ചാര്‍ളി എന്നു ദുബായിക്കാര് വിളിച്ചു തുടങ്ങി. എല്ലാ രംഗത്തുമുണ്ട് ചാര്‍ളി.
മജിഷനായി, നടനായി ഏതു വേഷവും കെട്ടും. മാതാപിതാക്കള്‍ അനുഗ്രഹിച്ചുനല്‍കിയ പേര് വിനോദ്. പന്തളത്തെ കര്‍ഷകനായ ശങ്കുണ്ണിയുടെയും സരസ്വതിയുടെയും ഇളയ മകന്.
വിനോദിന് നീളക്കുറവ്. സഹോദരന്മാർക്കും സഹോദരിക്കും നല്ല പൊക്കം. അതുപോലെ പൊക്കം വയ്ക്കാന്‍ തൂങ്ങി നോക്കിയതും താഴെ വീണതും മാത്രം മിച്ചം.
എങ്കിലും കണ്ണീര് തുടക്കാനും ചേര്‍ത്തുനിര്‍ത്താനും അമ്മയുണ്ടായിരുന്നു. അതുപോലുമില്ലാത്തവര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതോര്ക്കുമ്പോഴാണ് വേദന.
116 സെ.മി. പൊക്കമേയുള്ളുവെങ്കിലും ദുബായിലെ നഗരവിഥിയിലൂടെ ചാര്‍ളിയുടെ കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് പായുന്നത്. ഒരു സ്റ്റേജില്‍നിന്നു മറ്റൊരു സ്റ്റേജിലേക്ക് ഓട്ടമാണ്.
ഇവിടെ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക, വാഹനം ഓടിക്കുക എന്നത് എന്നെപ്പെലെയുള്ളവനു ലോട്ടറി അടിക്കുന്നതുപോലെയാണ്.
മനസുണ്ടെങ്കില്‍ മനസിനൊപ്പം പറക്കാന്‍ കഴിയുമെന്നു ചാര്‍ളി എഴുതിച്ചേര്‍ക്കുന്നു. വേദന മാത്രം നിറഞ്ഞ ഒരു ജീവിതം കുഞ്ഞനായ ചാര്ളിക്കുമുണ്ടായിരുന്നു.
വാടിത്തളര്‍ന്ന ബാല്യകാലം
വിനോദിന് ജന്മനാ നീളക്കുറവുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. ചേര്‍ത്തു പിടിക്കാന്‍ മാതാപിതാക്കളും താലോലിക്കാന്‍ സഹോദരങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അഞ്ചാമത്തെ വയസില്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു പ്രശ്നം.
സാധാരണ വലിപ്പമുള്ള മറ്റുകുട്ടികളുടെ കാലുകള്‍ക്കിടയില്‍പ്പെട്ട് അപകടം സംഭവിച്ചുപോകുമോ എന്ന ഭയം. ഭയംവീട്ടുകാര്ക്കല്ല. സ്കൂളിലെ അധികൃതര്‍ക്കാണ്.
സ്കൂളില്‍ ചേരാന്‍ വന്നവരും ചേര്‍ക്കാന്‍ വന്നവരും ചിരിക്കുന്നു. കുഞ്ഞുമനസിന് ഒന്നും മനസിലായില്ല. അടുത്ത വര്‍ഷം വരൂ എന്ന് പറഞ്ഞു ഹെഡ്മാസ്റ്റര് വിനോദിനെയും അമ്മയെയും തിരിച്ചയച്ചു.
നീളം വല്ലാണ്ട് കൂടിയില്ലെങ്കിലും പിറ്റേ വര്‍ഷം ആറാമത്തെ വയസില്‍ ഒന്നിലിരുത്തി. സാധാരണ ബെഞ്ചിലിരിക്കാന്‍ പറ്റത്തില്ല. സ്കൂളുകാര് തന്നെ ഒരു കൊരണ്ടി ഉണ്ടാക്കി അതില്‍ മൂലയ്ക്കിരുത്തി.
രണ്ടിലെത്തിയപ്പോഴാണ് ബെഞ്ചില്‍ ഇരിക്കാന്‍ അവസരം ലഭിച്ചത്. അതും സ്വയം കയറിയിരുന്നതാണ്. ആറു വയസുള്ള സമയത്ത് ഞാന്‍ സര്‍ക്കസില്‍ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്.
സ്കൂളില്‍ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാന്‍ ഭയത്തോടെയാണ് സമീപിച്ചിരുന്നത്. അവരുടെ പ്രതികരണങ്ങളും മറ്റും കണ്ട് അധ്യാപകര്‍ക്കു മുന്നിലും വീട്ടുകാര്‍ക്കു മുന്നിലും കരച്ചിലുമായെത്തിയിട്ടുണ്ട്.
പഠിക്കാന്‍ മിടുക്കനല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഒന്നും തലയില്കേറില്ല. ആകെയൊരു നേട്ടം ആരെയും വാചകമടിച്ചു കറക്കി വീഴ്ത്താന്‍ മിടുക്കന്. എത്ര നേരം വേണമെങ്കിലും വാചകമടിക്കും. ആരെയും പിടിച്ചിരുത്തും. പക്ഷേ, അവഗണനയ്ക്കും കളിയാക്കലിനും ഒരു കുറവുമില്ലായിരുന്നു.
അവസാന അത്താണിയായി അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ വിധി പറഞ്ഞു: വിനോദിന്റെ അസ്ഥികളുടെ വളര്‍ച്ച നിലച്ചുപോയിരിക്കുന്നു. ഒരു കൂടം കൊണ്ട് തലയ്ക്കടിച്ചതു പോലെ തോന്നി.
പത്തൊന്നു കടന്നെങ്കിൽ
വിനോദിന്റെ അടുത്തിരുന്ന് അമ്മ ആ തോളില്‍ കൈചേര്‍ത്ത് ആശ്വസിപ്പിച്ചു. മോനിങ്ങനെ വിഷമിക്കരുത്. നന്നായി പഠിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതണം.
ഒരു സര്‍ക്കാര്‍ ജോലി വാങ്ങിക്കണം… അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ പതിനഞ്ചുകാരന് കരച്ചിലടക്കി. മോന് തൂമ്പാപ്പണിയോ, മേസ്തിരിപ്പണിയോ, കൂലിപ്പണിയോ, മൈക്കാട് പണിയോ ഒന്നും ചെയ്യന്‍ പറ്റത്തില്ല.
എങ്ങനെയെങ്കിലും പഠിച്ചു പാസായി സര്‍ക്കാര്‍ ജോലി കിട്ടിയേ പറ്റൂ. പഠിച്ചാ മാത്രമേ അത് കിട്ടത്തുള്ളൂ.അങ്ങനെ, അടുത്ത പ്രാവശ്യം വിനോദ് എസ്എസ്എല്‍സി കടന്നുകൂടി.
പലയിടത്തും അപേക്ഷിച്ചു. ഒടുവില്‍, അംഗവൈകല്യമുള്ളവര്‍ക്കുള്ള പരിഗണനയില്‍ പന്തളം എന്‍എസ്എസ് കോളജില്‍ സീറ്റ് ലഭിച്ചു.
കോളജ് ചരിത്രത്തില്‍ ആര്‍ക്കും അതുവരെ ഈ മാര്‍ക്കില്‍ പ്രവേശനം ലഭിച്ചിട്ടില്ല. ഏറ്റവും കുറഞ്ഞത് ഇരുന്നൂറ്റി മുപ്പത് മാര്‍ക്കെങ്കിലും വേണമായിരുന്നു. പ്രിന്‍സിപ്പല്‍ കൈമലര്‍ത്തി.
സാറെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഈ കോളജില്‍ പഠിക്കണം എന്നതാണ്. പ്രിന്‍സിപ്പല്‍ വീണു. ഇഷ്ടമുള്ള വിഷയവും കിട്ടി.
എങ്കിലും, പ്രിഡിഗ്രി അന്തസായി തോറ്റു. രാപകലില്ലാതെ ചിന്തിച്ചു. ഞാനെന്താണ് ഇങ്ങനെ? വലുതാകുമ്പോള്‍ എത്ര ഉയരം കിട്ടും? ഏത് കാറ്റഗറിയില്‍പ്പെടും? സംശയങ്ങള്‍ തേനീച്ചകളെ പോലെ വട്ടമിട്ടു.
അന്ന് ചേട്ടന് പ്ലംബറും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്യുന്നു. എനിക്കത് പറ്റില്ലല്ലോ. ചെയറില്‍ കയറിനിന്ന് പ്ലംബിങ് ജോലിയോ മറ്റോ പറ്റുമോ? കൂലിപ്പണിക്ക് പോലും പറ്റത്തില്ല.
അതിനെപ്പറ്റി എപ്പോഴും ചിന്തിച്ചിരിക്കും. ഒടുവില്‍ വിചാരിക്കും വല്ല എസ്ടിഡി ബൂത്തോ മറ്റോ ഇട്ട് ജീവിക്കാം എന്ന്. അന്ന് അതായിരുന്നു നീളക്കുറവും മറ്റു വൈകല്യമുള്ളവരുടെയുമൊക്കെ ഒരു രീതി.
വണ്ടര്‍ലായിലേക്ക്
നാടകം, മിമിക്രി, സ്ക്രിപ്റ്റ് രചന, അഭിനയം. ജീവിതം തള്ളിനീക്കുമ്പോഴാണ് വണ്ടര്‍ലാ ( അന്നു വീഗാലാന്‍ഡ്) ജോലിക്ക് ക്ഷണിക്കുന്നത്. ആടാനും പാടാനും സര്‍ക്കസില്‍ ജോലി ചെയ്തവര്‍ക്കും മുന്‍ഗണന.
പെരുത്ത ഇഷ്ടമായി. ഒന്നുമല്ലെങ്കിലും കേരളത്തിലെ പ്രധാന അമ്യൂസ്മെന്റ്പാര്ക്കുമാണല്ലോ.
ജോലി ഇഷ്ടമായി. അങ്ങോട്ടെന്നു തീരുമാനിച്ചു. അപ്പോഴാണ് ജബല്പൂരില് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി കിട്ടിയത്. ഇന്റര്‍വ്യൂവിന് ഹാജരാകണം. എന്നോ അയച്ച അപേക്ഷകളിലൊന്ന് ക്ലിക്കായതാണ്. അമ്മ ആവേശത്തിലായി. അവരുടെ ജീവിതാഭിലാഷമായിരുന്നു.
എറണാകുളത്തൊന്നും പോകേണ്ട. റെയില്‍വേ ജോലി മതി. വീട്ടുകാരെല്ലാം കൂടി യുദ്ധം പ്രഖ്യാപിച്ചു. പക്ഷേ, മനസ് വീഗാലാന്‍ഡിലായിരുന്നു. ആരും കാണാതെ രാത്രിയില്‍ സ്ഥലംവിട്ടു. എറണാകുളത്ത് ജോലിയില്‍ പ്രവേശിച്ചു.
ഗള്‍ഫിലേക്ക്
വീഗാലാന്‍ഡ് സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഒട്ടേറെ ഗള്ഫുകാരെത്തുമായിരുന്നു. പരിചയപ്പെട്ടുകഴിഞ്ഞാല്‍ പലരും പറയും, നിങ്ങളെപ്പോലുള്ളവര്‍ക്ക് ഗള്‍ഫില്‍ വലിയ സാധ്യതകളുണ്ട്.
അവിടെ വലിയ വലിയ ഹോട്ടലുകളിലും മറ്റും ഡോര്ബോയിമാരായി കുള്ളന്മാരെ എടുക്കുന്നു. നല്ല ശമ്പളവും പിന്നെ, ടിപ്സും കിട്ടും. മനസില്‍ ഗള്‍ഫ് മോഹം പൂത്തുലഞ്ഞു.
എങ്ങനെയും പറക്കണം. മനസില്‍ ആഗ്രഹം താലോലിച്ചു. ഒരിക്കല്‍, വീഗാലാന്ഡിലെത്തിയ ഒരു ഗള്‍ഫുകാരനാണ് വിധി മാറ്റിയെഴുതിയത്. അദ്ദേഹം ഗള്‍ഫിലെ തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് ക്ഷണിച്ചു.
പ്രതിമാസ ശമ്പളം പതിനയ്യായിരം രൂപ. ഞാന്‍ വാ പൊളിച്ചുനിന്നുപോയി. ഒറ്റയാഴ്ചയ്ക്കകം വീസ ശരിയായി. സ്വപ്നലോകത്തിലേക്ക് പറക്കുകയായിരുന്നു.
മജിഷന് ചാര്‍ളി
കമ്പനിയിലെ ജോലി സുഖപ്രദം. നല്ല രീതിയില്‍ ജീവിതം മുന്നോട്ടു പോയി. എല്ലാ സന്തോഷങ്ങളും അവസാനിപ്പിച്ചുകൊണ്ട് വിധി കറുത്ത രൂപത്തിലെത്തി. ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായി, പ്രവര്‍ത്തനം അവസാനിപ്പിച്ചു.
വീസ റദ്ദാക്കാന്‍ മൂന്ന് മാസം സമയം തന്നു. വേറെ ജോലി കണ്ടെത്തുക. അതേയുള്ളൂ മാര്‍ഗം. ഇങ്ങോട്ട് കൊണ്ടുവന്ന സാറു പറഞ്ഞു, ഇനിയും സാധ്യതകളുണ്ട്.
പക്ഷേ, അതിന് ഇങ്ങനെ കോട്ടും സ്യൂട്ടുമിട്ട് കൈ കുലുക്കി നിന്നാ പോരാ. പലതും പഠിക്കാനുണ്ട്. ഫേസ് പെയിന്റിംഗ്, മാജിക് എന്നിവയൊക്കെ ചെറുതായെങ്കിലും വശത്താക്കുക. പിന്നെ, അതിനായി ശ്രമം. പലയിടത്തുനിന്നായി ഒക്കെയും പഠിച്ചെടുത്തു.
അതുമാത്രമല്ല, വേഷത്തില്‍ ചാര്‍ളി ചാപ്ലിന്റെ രൂപഭാവം വരുത്തി. യൂറോപ്യന്മാരെ ആകര്‍ഷിക്കാന്‍ അതുവേണമെന്ന് വിദഗ്ധര്‍ ഉപദേശിച്ചു. അങ്ങനെ പേരും ചാര്‍ത്തിക്കിട്ടി മജിഷന് ചാര്‍ളി.
ഇവന്റ് മാനേജ്മെന്റ് കമ്പനി
ഇത്രയായപ്പോൾ ശരിക്കും ഒരു ധൈര്യമൊക്കെയായി. തന്നെ എന്തും ചെയ്യാമെന്ന വിശ്വാസം. സ്വന്തമായി ഇവന്റ് മാനേജ്മെന്റ് കമ്പനി ആരംഭിച്ചു.
ഇപ്പോൾ സ്വന്തം കാലില്‍ നില്ക്കുന്നു. കോര്‍പറേറ്റ് ഇവന്റ്സ്, കലാകാരന്മാരുടെ സപ്ലൈ, ബെല്ലി ഡാന്‍സ്, ഇന്ത്യന്‍, ആഫ്രിക്കന്‍ ഡാന്‍സ്
. അക്രോബാറ്റിക് ഡാന്‍സ്, ക്ലൗണ്‍സ്, ഫേസ് പെയിന്റിംഗ്, ബലൂണ്‍ ട്വിസ്റ്റിങ്, കാര്‍ട്ടൂണ്‍ കാരക്ടര്‍, മജിഷന് ചാര്‍ളിയുടെ കമ്പനി ചെയ്യാത്തതായി ഒന്നുമില്ല.
മൂന്ന് മണിക്കൂറിലേറെ ഒറ്റയടിക്ക് വണ്‍മാന്‍ഷോ നടത്തിക്കളയും. അത്രയും മിടുക്കനായി. കേരളത്തില്‍നിന്നും വിദേശങ്ങളില്‍നിന്നു പോലും കലാകാരന്മാരെ എത്തിച്ചു പരിപാടികള്‍ സംഘടിപ്പിക്കുന്നതും ചാര്‍ളിയാണ്.
ഇപ്പോള്‍ കോവിഡ് വന്നതോടെ വലിയപരിപാടികളെല്ലാം നിന്നു. എങ്കിലും വിവാഹം, വിവാഹവാര്‍ഷികം, ജന്മദിനം, ക്ലബ് പരിപാടികള്‍, കൂട്ടായ്മകള്‍, നീളുന്നു തിരക്കു പിടിച്ച പരിപാടികള്‍.
ഇതിനിടെ വിവാഹം നടന്നു. ഒത്ത നീളമുള്ള പെണ്‍കുട്ടി സിജി. നാട്ടില്‍ പോയപ്പോള്‍ പരിചയപ്പെട്ട പെണ്‍കുട്ടി. പ്രണയം. എല്ലാ എതിര്‍പ്പുകളെയും തട്ടിത്തെറിപ്പിച്ച് വിവാഹം.
കളിചിരിയുമായി ഏഴു വയസുള്ള മകള്‍ ശിഖയുമുണ്ട് കൂടെ. ഇപ്പോള്‍ യുഎഇയില്‍ 16 വര്‍ഷമായി പ്രവാസിയായിട്ട്. പൊക്കം മാത്രം വച്ചില്ലെങ്കിലും ചാര്‍ളി വളരുകയായിരുന്നു.
ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള
ആദ്യമായി ലിറ്റില്‍ പീപ്പിളിന്റെ ഗ്രൂപ്പ് അമേരിക്കയിലാണ് രൂപീകരിച്ചത്. ലിറ്റില്‍ പീപ്പിള്‍ ഓഫ് അമേരിക്ക (എല്‍പിഎ) എന്നറിയപ്പെടുന്ന ചെറിയ മനുഷ്യരുടെ ഏറ്റവും വലിയ സംഘടനയാണത്. ലിറ്റില്‍ പീപ്പിള്‍ ഓഫ് അമേരിക്കയില്‍ മാത്രം 8,000 അംഗങ്ങളുണ്ട്.
ഇതുപോലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എല്ലാവരെയും ഒന്നിപ്പിച്ചു അവരുടെ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് ആഗ്രഹിച്ചു.
കേരളത്തില്‍ ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള രൂപികരിച്ചിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. ഗ്രൂപ്പില്‍ 85 പേരുണ്ട്. ഇനിയും ധാരാളം പേര് പുറത്തുണ്ട്. അവരെ കണ്ടെത്തണം.
സിനിമ നടന് ജോബി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലിലെ പ്രഫ. ലീന്‍ എലിസബത്ത് തോമസ്, റോബിന് സെബാസ്റ്റ്യന്‍ കോട്ടയ്ക്കുപുറം, കായികമേഖലയിലുള്ള ആകാശ് എസ്. മാധവന്, ആര്‍ട്ടിസ്റ്റുകളായ അറുമുഖന് ആലപ്പുഴ, മഞ്ജു മാധവ്, സൂരജ് തേലക്കാട്ട്, നിഖില്‍ ബാബു, അഖില്‍ (ഉണ്ണി), നിഖില്‍ കാരാങ്ങാട്ട്, ക്രിസ്റ്റി ജോസ് നിരവത്തുപറമ്പില്‍, എ.ബി. വിജയകൃഷ്ണന്, അരുണ്‍ ജോസഫ്്, സനല്‍ പുന്നക്കുന്നേല്‍, അജയന് തിരുവനന്തപുരം, ബൈജു സി.എസ്, ബാബിഷ ഷറഫ്, പ്രകാശ് വൈദ്യര് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ കൂട്ടായ്മ ശക്തമായി മുന്നോട്ടു പോകുന്നു.
പൊക്കമില്ലാത്ത ആളുകളുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരിക. അവര്‍ക്കൊരു ധൈര്യവും അവസരവും നല്‍കുക. തളര്‍ന്നു പോകുന്നവരെ പിടിച്ചു കയറ്റുക തുടങ്ങിയവയാണ് ലക്ഷ്യം.
എല്ലാ മേഖലകളിലും ഇവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും സമൂഹത്തില്‍ ഇവരെ ചൂഷണം ചെയ്യുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ പോലും ഇവരെ മാറ്റിനിര്‍ത്തുന്നു.
കുടുംബത്തിന്റെ തണലില്‍ ഇവര്‍ വളരുമ്പോഴും സമൂഹത്തില്‍നിന്നും പരിഹാസംമാത്രമാണ് ലഭിക്കുന്നത്. കൂട്ടായ്മയില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഇനി ഒരിക്കലും ഞങ്ങള്‍ തളരില്ലെന്നാണ് തീരുമാനം.
ഈ ദിനത്തില്‍ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ അവരുടെതായ കഴിവുകള്‍ സംഗീതം, സ്പോര്‍ട്സ്, ഡാന്‍സ്, ക്രാഫ്റ്റ് വര്‍ക്ക്, അങ്ങനെ പലവിധത്തിലുള്ള കഴിവുകളും അവതരിപ്പിക്കും. ധൈര്യമുള്ള ഒരുമനസും സത്യസന്ധതയും കൂടെയുണ്ട്. ഞങ്ങള്‍ വിജയിച്ചിരിക്കും. എല്ലാവർക്കും വേണ്ടി ചാർളി പറയുന്നു.
ജോണ്സണ് വേങ്ങത്തടം