ഹൈദരാബാദ്: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് രക്തസാന്പിളുകൾ ശേഖരിക്കാനുള്ള നീക്കത്തിനെതിരേ നടി ചാർമി കൗർ ഹൈക്കോടതിയിൽ. പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന്റെ നീക്കത്തെ ചോദ്യം ചെയ്ത് ചാർമി സമർപ്പിച്ച ഹർജിയിൽ, രക്തം, മുടി, നഖം തുടങ്ങിയവയുടെ സാന്പിളുകൾ ശേഖരിക്കാനുള്ള തീരുമാനം പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്നെ ചോദ്യം ചെയ്യലിനു വിധേയയാക്കാനുള്ള നീക്കം തടയണമെന്നും നടി ആവശ്യപ്പെട്ടു.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഈ മാസം 21ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ചാർമിയോട് എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ നടി ഈ ദിവസം ഹാജരായില്ല. ഇതേതുടർന്ന് ബുധനാഴ്ച ഹാജരാകണമെന്ന് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവുകൾ ശേഖരിക്കാൻ നടിയുടെ രക്തം, മുടി, നഖം സാന്പിളുകൾ ശേഖരിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.
കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 തെലുങ്ക് സിനിമ പ്രവർത്തകർക്കാണ് എസ്ഐടി നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19നും 27 നും ഇടയിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. സംവിധായകൻ പുരി ജഗന്നാഥ്, നടൻ രവി തേജ, പി.നവദീപ്, തരുണ്കുമാർ, എ.തനിഷ്, പി സുബ്ബരാജ്, നടി ചാർമി കൗർ, നടി മുമൈത് ഖാൻ, ഛായാഗ്രാഹകൻ ശ്യാം കെ.നായിഡു, ഗായകൻ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകൻ ചിന്ന എൻ.ധർമറാവു എന്നിവർ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.
അടുത്തിടെ പിടിയിലായ മയക്കുമരുന്നു മാഫിയ തലവൻ കെൽവിൻ ഫോണ് ചെയ്തവരുടെ പട്ടികയിൽ താരങ്ങളും ഉൾപ്പെട്ടതിനെ തുടർന്നാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ നോട്ടീസ്.
മയക്കുമരുന്നു മാഫിയയോട് സന്ധിയില്ലാ പോരാട്ടത്തിനിറങ്ങിയ തെലുങ്കാന എക്സൈസ് ഡയറക്ടർ അകുൻ സബർവാളാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. 2009ൽ ഹൈദരാബാദ് ഡിസിപിയായിരിക്കെ മയക്കുമരുന്ന് മാഫിയയിലെ പ്രമുഖരെ അഴിക്കുള്ളിലാക്കി ഒതുക്കിയ ചരിത്രവും 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അകുൻ സബർവാളിനുണ്ട്.