ഹൈദരാബാദ്: മയക്കുമരുന്നു കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 തെലുങ്ക് സിനിമ പ്രവർത്തകർക്ക് നോട്ടീസ്. എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ജൂലൈ 19നും 27 നും ഇടയിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംവിധായകൻ പുരി ജഗന്നാഥ്, നടൻ രവി തേജ, പി.നവദീപ്, തരുണ്‍കുമാർ, എ.തനിഷ്, പി സുബ്ബരാജ്, നടി ചാർമി കൗർ, നടി മുമൈത് ഖാൻ, ഛായാഗ്രഹകൻ ശ്യാം കെ.നായിഡു, ഗായകൻ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകൻ ചിന്ന എൻ.ധർമറാവു എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ആഗതൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ച നടിയാണ് ചാർമി.
പിടിയിലായ മയക്കുമരുന്നു മാഫിയ തലവൻ കെൽവിൻ ഫോണ്‍ ചെയ്തവരുടെ പട്ടികയിൽ താരങ്ങളും ഉൾപ്പെട്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നോട്ടീസ്.അതേസമയം, മയക്കുമരുന്നു മാഫിയയോട് സന്ധിയില്ലാ പോരാട്ടത്തിനിറങ്ങിയ തെലുങ്കാന എക്സൈസ് ഡയറക്ടർ അകുൻ സബർവാളിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രമുഖരുടെ മുഖം രക്ഷിക്കാനാണ് സബർവാളിനെ അവധിയിൽ വിട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2009ൽ ഹൈദരാബാദ് ഡിസിപിയായിരിക്കെ മയക്കുമരുന്ന് മാഫിയയെ അഴിക്കുള്ളിലാക്കി ഒതുക്കിയ ചരിത്രവും 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അകുൻ സബർവാളിനുണ്ട്.