താൻ രോഗബാധിതയായി ആശുപത്രിയിലാണെന്നും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നുമുള്ള വാർത്തകൾ വ്യാജമാണെന്ന് നടി ചാർമിള. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെ വീണ് അസ്ഥിക്ക് പൊട്ടലുണ്ടായിരുന്നു.
ഇതിന്റെ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പോയത്. താൻ സാമ്പത്തികമായി കഷ്ടപ്പാടിൽ അല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്ന് മുൻപ് പറഞ്ഞിരുന്നു. എല്ലാവർക്കും എല്ലാ കാലവും സാമ്പത്തിക പ്രശ്നമുണ്ടാകുമോ?. തമിഴിലും തെലുങ്കിലും എനിക്ക് സിനിമകൾ ലഭിക്കുന്നുണ്ട്.
പുതു വർഷത്തിൽ ഞാൻ അഭിനയിച്ച എട്ടോളം സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ എനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. അസ്ഥിക്ക് പൊട്ടലുള്ളത് കൊണ്ട് കുറച്ച് നാളത്തേക്ക് ഡാൻസ് ചെയ്യാനും ഓടാനും സാധിക്കില്ല.
ഞാൻ തിരികെ വീട്ടിലെത്തി. തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നത് കൊണ്ടാണ് ശരീരം മെലിയുന്നത്. കുറേ നാളുകളായി ഞാൻ ഇതിനുള്ള ഗുളിക കഴിക്കുന്നതാണ്. അത് കൊണ്ട് ആദ്യം ശരീരം നന്നായി തടിച്ചു. അതിന് ശേഷം മെലിയാൻ ആരംഭിച്ചു. ഇപ്പോൾ ഗുളിക കഴിക്കുന്നത് നിർത്താൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്.
ചെന്നൈയിലെ കുൽപ്പക്ക് സർക്കാർ ആശുപത്രിയിലാണ് ഞാൻ ചികിത്സ തേടിയത്. ഇതേ തുടർന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാർത്ത പ്രചരിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടത്. അത് സർക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണ്. എനിക്ക് എല്ലാ പരിഗണനയും ഇവിടെ നിന്നും ലഭിച്ചു.
തമിഴ്നാട് സർക്കാർ എല്ലാവർക്കും ഇൻഷുറൻസ് കാർഡ് നൽകിയിട്ടുണ്ട്. കൂടാതെ നടികർ സംഘത്തിന്റെ ഇൻഷുറൻസ് കാർഡും എനിക്കുണ്ട്. അത് ഉപയോഗിച്ച് വലിയ ആശുപത്രികളിൽ കാണിക്കാം. എന്നാൽ അത് ആവശ്യമില്ലെന്ന് തോന്നി. ഇവിടെ നല്ല ചികിത്സ കിട്ടുമ്പോൾ എന്തിനാണ് ഞാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.
എന്റെ അമ്മയ്ക്ക് പ്രായമായി. മകന് പതിനൊന്ന് വയസേയുള്ളു. കൂടെയുള്ള ജോലിക്കാരിക്ക് തനിച്ച് എന്നെ എഴുന്നേൽപ്പിക്കുവാനും ഇരുത്തുവാനും സാധിക്കില്ല. സർക്കാർ ആശുപത്രികളിൽ ഇതിനായി നിരവധി ആയമാരുണ്ട്. അതുകൊണ്ടും കൂടിയാണ് ഞാൻ ഇവിടെ എത്തിയത്. ചാർമിള വ്യക്തമാക്കി
അസ്ഥി രോഗം കാരണം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചികിത്സയ്ക്ക് പണമില്ലാതെ ചാർമിള ബുദ്ധിമുട്ടുകയാണെന്നും തമിഴ് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.