തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായ്, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്.
യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്.
ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധസംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നൽകുന്നത്. യുഎഇയിലെ മഴവെള്ളക്കെടുതികൾക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികൾ ഉൾപ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുണ്ട്.
പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോൾ പ്രവാസികളായി അറബ് രാജ്യങ്ങളിൽ ഉള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് എത്തുന്നത്. മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.
നവാസ് മേത്തർ