
കുമരകം: ചെറുതായി ചാരി ഉറങ്ങാൻ ചെറിയ വിലയിൽ ചെറുകസേരകളുമായി ബാഗ്ലുർ സ്വദേശി റോഡരികിൽ യാത്രക്കാർക്കായി കാത്തിരിക്കുന്നു. പൂർവികർ വീടിന്റെ ഉമ്മറത്ത് കാലം കൈയ്യും നീട്ടി ചാരിക്കിടന്ന കാലത്തിന്റെ സ്മരണ പുതുക്കാനെന്നോണം കസേര വാങ്ങാനായി ധാരാളം പേരും എത്തുന്നു.
കോട്ടയം – കുമരകം റോഡരികിൽ കുമരകം ആറ്റമംഗലം പള്ളിക്ക് സമീപം മരത്തണലിലാണ് കസേര വ്യാപാരം. രണ്ടിനം കസേരകളാണ് വില്പനക്കായി സജ്ജീകരിച്ചിരിക്കുന്നത്. കൈ ഉള്ളവയും കൈ ഇല്ലാത്തവയും.
ഒരു കസേരക്ക് 350 രൂപ മുതലാണ് വില ചോദിക്കുന്നത്. വിലപേശുന്നവർക്ക് കൈയില്ലാത്ത കസേര 200 രൂപയ്ക്കും കൈ ഉള്ളത് 250 രൂപയ്ക്കും നൽകും. കർണ്ണാടകത്തിൽ നിന്നും എത്തിക്കുന്ന കസേരകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ്.
ഒറ്റത്തവണ 10,000 കസേരകളാണ് ലോറിയിൽ കേരളത്തിലേക്ക് എത്തിക്കുന്നത്. കാഴ്ച്ചയിൽ കുട്ടികൾക്ക് വേണ്ടിയുള്ളവയാണെന്നു തോന്നുമെങ്കിലും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന കസേരകളാണെന്നാണ് വില്പനക്കാരനായ ആസിഫ് ഫേഗിന്റെ അവകാശവാദം. മഴയില്ലാത്ത ദിവസങ്ങളിൽ നല്ല കച്ചവടം ലഭിക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു.