ചാരുംമൂട്: സിപിഎം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. മനോജിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം തുടങ്ങി.
മനോജ് നൂറനാട് പോലീസിലും സൈബർ സെല്ലിലും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ഫേസ്ബുക്കിലെ ഫേക്ക് ഐഡിയിലൂടെ ആണ് പ്രചാരണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറ്റൂർ സ്വദേശിയായ യുവാവിനൊപ്പം ഇടപ്പോണ്‍ സ്വദേശിനിയായ വീട്ടമ്മ ഇറങ്ങി പോയത്.
എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പം വീട്ടമ്മ ഇറങ്ങിപോയി എന്ന രീതിയിൽ വീഡിയോയും ചിത്രങ്ങളും നൽകി വാട്സ്ആപിലും ഫേസ്ബുക്കിലും പ്രചാരണം വ്യാപകമാകുകയായിരുന്നു.
വീട്ടമ്മയെ കൊണ്ടുപോയ യുവാവ് ബിജെപി പ്രവർത്തകനാണെന്നും അത് മറച്ചുവച്ച് സിപിഎമ്മിനെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയേയും ആക്ഷേപിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ. മനോഹരൻ ആരോപിച്ചു.