പേരൂര്‍ക്കട: ഫോണിലൂടെ ഓര്‍ഡർ സ്വീകരിച്ച് ചാരായ വിൽപന നടത്തിവന്ന ക്രിമിനല്‍ക്കേസ് പ്രതിയും കൂട്ടാളിയും ഏഴ് ലിറ്റര്‍ ചാരായവുമായി പോലീസ് പിടിയിലായി.
കരകുളം ചെക്കക്കോണം ഇടയ്ക്കോട് മേലേ പുത്തന്‍വീട്ടില്‍ കണ്ണന് സജീവ് എന്നുവിളിക്കുന്ന സജീവ് (30), ഇയാളുടെ ബന്ധു കുഞ്ഞുമോന് എന്നുവിളിക്കുന്ന ബിജു (42) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി 11 മണിയോടടുത്ത് വഴയിലയില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. സ്കൂട്ടറിനുള്ളിലും തോളില്‍ തൂക്കിയിട്ട ബാഗിനുള്ളിലുമായി കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു ചാരായം.
ജീവന്‍രക്ഷാ ഔഷധവുമായി കൊഞ്ചിറവിളയിലെ ഒരു ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍ സംശയംതോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ചാരായക്കുപ്പികള്‍ കണ്ടെത്തിയത്.
ഫോണിലൂടെ ഓര്‍ഡറുകള്‍ ശേഖരിച്ചശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് പ്രതികളുടെ രീതി. പ്രായമായ സ്ത്രീകളെ പിന്തുടര്ന്ന് മാല പിടിച്ചുപറിക്കുന്നതുമായി ബന്ധപ്പെട്ട് പൂജപ്പുര, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ കേസുകളുള്ളയാളാണ് കണ്ണന് സജീവ്.
പേരൂര്‍ക്കട സി.ഐ സൈജുനാഥിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ സഞ്ചു ജോസഫ്, സുനില്‍, ഷിബു, വില്‍ബര്‍ രാജ്, എ.എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ രാധാകൃഷ്ണന്, ഹരിപ്രസാദ്, ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും.