ഒരൊറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും താരമായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ കുസൃതിക്കുടുക്കയ്ക്ക് കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തിലേറെ ആരാധകരെയാണ് പ്രിയ ലോകമാകമാനം സൃഷ്ടിച്ചത്. ആ കണ്ണിറുക്കലും ചിരിയും ആയിരക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്കാണ് പാഞ്ഞു കയറിയത്. എവിടെ തിരിഞ്ഞാലും പ്രിയമാത്രം. ‘ഒരു അഡാറ് ലവ്’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞതിന് പ്രിയ നന്ദി പറയുന്നത് സംവിധായകന്‍ ഒമര്‍ ലുലുവിനോടാണ്.
പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് പ്രിയ തുറന്നു പറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ സുന്ദരിക്കുടുക്ക മനസു തുറന്നത്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒമര്‍ ഇക്കയുടെ ചങ്ക്‌സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ‘ഒരു അഡാറ് ലവ്’വിലെ കാസ്റ്റിങ് കോള്‍ കാണുന്നത്. അതില്‍ പങ്കെടുത്തു. സെലക്ടായി. ചെറിയൊരു റോളായിരുന്നു എന്റേത്. എന്റെ മാനറിസം കണ്ട് ഇഷ്ടമായിട്ടാണ് ഒമര്‍ ഇക്ക പ്രധാന റോളിലേക്ക് എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കാന്‍ വേണ്ടി ഒമര്‍ ഇക്ക സ്‌ക്രിപ്റ്റ് മാറ്റി എഴുതുന്നുണ്ടെന്ന് അറിഞ്ഞു. അതും കൂടി അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, പിന്നെ ഞാന്‍ ഭയങ്കര എക്‌സൈറ്റഡുമാണ്. വിശ്വവിഖ്യാതമായ കണ്ണിറുക്കലിനെക്കുറിച്ചും പ്രിയ പറയുന്നുണ്ട്.
ഒമര്‍ ഇക്ക പുരികക്കൊടി ഉയര്‍ത്താന്‍ പറ്റുമോയെന്ന് എന്നോട് ചോദിച്ചു.ഞാന്‍ ചെയ്യാമെന്നു പറഞ്ഞു. ഒറ്റ ടേക്കില്‍ അത് ഓക്കെ ആയി. അല്ലാതെ നേരത്തെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതോ പ്രാക്ടീസ് ചെയ്തിട്ടോ അല്ല അങ്ങനെ ചെയ്തത്. വീഡിയോയില്‍ കാണുന്നതുപോലെ കുസൃതിക്കാരിയാണ് ഞാന്‍. നാച്ചുലറായിട്ടാണ് അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കട്ടഫാനാണ് താനെന്ന് പ്രിയ പറയുന്നു.ദുല്‍ഖറിനോടൊപ്പം അഭിനയിക്കണമെന്നാണ് തന്റെ വലിയ ആഗ്രഹം. ദുല്‍ഖര്‍ എങ്ങാനും വിളിച്ചാല്‍ താന്‍ ചിലപ്പോള്‍ ബോധം കെട്ടു വീണേക്കുമെന്നും ഈ സുന്ദരിക്കുട്ടി പറയുന്നു. പാട്ടിന്റെ വീഡിയോ കണ്ടിട്ട് ടൊവിനോ തോമസ് വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും പ്രിയ പറയുന്നു.
അഭിനയം മാത്രമല്ല പാട്ടും പ്രിയയുടെ ഇഷ്ടമേഖലയാണ്. പാട്ടു പഠിക്കുന്നുമുണ്ട്. താന്‍ പാടിയ ചില പാട്ടുകള്‍ പ്രിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പേജ് ഉണ്ടെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും തന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നും പ്രിയ ആവര്‍ത്തിക്കുന്നു. പ്രണയത്തെക്കുറിച്ച് തനിക്കൊന്നും പറയാന്‍ അറിയില്ലെന്നും പ്രിയ പറയുന്നു.” പ്രണയം എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാല്‍ എന്റെ പാട്ടിലുളളതുപോലെ തന്നെയായിരിക്കണം പ്രണയം. ഞാന്‍ പ്രണയിച്ചിട്ടില്ല. ഒരുപാട് പ്രണയാഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്ക് പേജിലും നിരവധി മെസേജുകള്‍ വരുന്നുണ്ട്. ഒരുപാട് പേര്‍ പാട്ട് കണ്ടിട്ട് വിളിക്കുന്നുണ്ട്. എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം.” പ്രിയ പറയുന്നു.