നിർമിതബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണു ചാറ്റ് ജിപിടി. ഇതുപയോഗിച്ചു കവിതയും നോവലും എഴുതാൻവരെ സാധിക്കും. ലോകമെമ്പാടും വളരെവേഗം സ്വീകരിക്കപ്പെട്ട ചാറ്റ് ജിപിടിയുടെ മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് അലക്സാണ്ടർ സാദാൻ എന്ന റഷ്യൻ യുവാവ്. ഐടി പ്രൊഫഷണലായ 23 കാരനായ ഇയാൾ തന്റെ വധുവിനെ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തിയെന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്.
വധുവിനെക്കുറിച്ചുള്ള തന്റെ സങ്കൽപങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാക്കിയശേഷം പെൺകുട്ടികളുടെ പ്രൊഫൈലുകൾ പരിശോധിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചെന്ന് അലക്സാണ്ടർ പറയുന്നു. തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് 5,239 പെണ്കുട്ടികളില്നിന്നു തനിക്കു ചേർന്ന ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഡേറ്റിംഗ് സൈറ്റുകളിൽ വ്യക്തികള്‍ ചെയ്യുന്നതുപോലെ സ്ത്രീകളുമായി ചാറ്റ് ജിപിടി ചാറ്റ് ചെയ്യുകയും അതുവഴി അലക്സാണ്ടറിന് അനുയോജ്യയായ കരീന ഇമ്രാനോവ്ന എന്ന യുവതിയെ തെരഞ്ഞെടുക്കുകയുമായിരുന്നു. പങ്കാളിയെ തേടി ഒരുവർഷത്തോളം അലഞ്ഞെന്നും ജോലിത്തിരക്കു കാരണം ഒടുവിൽ ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിക്കുകയായിരുന്നെന്നും അലക്സാണ്ടര്‍ പറയുന്നു.
ചാറ്റ് ജിപിടിയാണു തന്നോടു ചാറ്റ് ചെയ്തതെന്നു കരീന പിന്നീടു തിരിച്ചറിഞ്ഞപ്പോള്‍ അസ്വസ്ഥതയൊന്നും പ്രകടിപ്പിച്ചില്ലെന്നും വിവാഹിതരായി തങ്ങളിപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണെന്നും അലക്സാണ്ടര്‍ പറഞ്ഞു.