കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ഉരുൾപ്പൊട്ടലിൽ മൂന്നു മരണം. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ ഇന്ന് പുലർച്ചെ 5.55നുണ്ടായ ഉരുൾപ്പൊട്ടലിലാണ് മൂന്നുപേർ മരിച്ചത്. 10 പേരെ കാണാതായി. കരിഞ്ചോലയിൽ സലീമിന്റെ മകൾ ദിൽന(ഒന്പത്)യും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. കട്ടിപ്പാറ പഞ്ചായത്തിലെ മൂന്നിടത്താണ് ഇന്ന് പുലർച്ചെയോടെ ഉരുൾപ്പൊട്ടലുണ്ടായത്.
കരിഞ്ചോല, കട്ടിപ്പാറ, ചമൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കരിഞ്ചോലയിൽ അഞ്ചുവീടുകൾ ഒലിച്ചുപോയി. വീടുകളിലുണ്ടായിരുന്ന 12 പേരെ കാണാതാവുകായിരുന്നു. ഇതിൽ രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
കരിഞ്ചോല മലയിൽ ഹസൻ, ഉമ്മിണി അബ്ദുറഹിമാൻ, അബ്ദുറഹിമാൻ, അബ്ദുൾ സലീം, പ്രസാദ് എന്നിവരുടെ വീണാണ് പൂർണമായും ഒലിച്ചുപോയത്. കരിഞ്ചോലയിലെ പൂവൻമലയിൽ നിന്നാണ് ഉരുൾപ്പൊട്ടലുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
വീടുകൾക്കും കൃഷിയിടങ്ങളിലും നാശം വിതച്ചാണ് ഉരുപ്പൊട്ടലും മണ്ണിടിച്ചിലും തുടരുന്നത്. വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. മഴയുടെ ശക്തി കുറയാത്തതിനാൽ മലയോരം മുൾമുനയിലാണ്. ഭീതിയോടെ വീടുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാ പ്രവർത്തനം തുടരുകയാണ്.
തിരുവന്പാടി: കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടലുണ്ടായ തിരുവന്പാടി,കോടഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. തിരുവന്പാടി അങ്ങാടി പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അങ്ങാടിയിലെ 100ലധികം കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി.
കുരുശുപള്ളി ജംഗ്ഷൻ മുതൽ ബസ്സ്റ്റാൻഡ് വരെയുള്ള റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ കരിന്പ്, പുല്ലൂരാംപാറ, പൂവാറൻതോട്, ഓളിക്കൽ, തോട്ടിൻകടവ് പാലം,കറ്റ്യാട് ജംഗ്ഷൻ എന്നിവടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഇവിടങ്ങളിലെ ഗതാഗതം പൂർണമായും സ്ഥംഭിച്ച നിലയിലാണ്.
കൂരാച്ചുണ്ട്: കനത്ത മഴയിൽ കക്കയം ഉൾവനത്തിൽ ഉരുൾപ്പൊട്ടി കക്കയം ഡാംസൈറ്റ് റോഡിൽ വൻകല്ലുകളും മണ്ണും നിറഞ്ഞ് ഗതാഗതം പാടെ നിലച്ചു. പുലർച്ചെ 4.30 ഓടെയാണ് സംഭവം. കക്കയം അങ്ങാടിയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ അയ്യപ്പൻകുന്ന് പാലത്തിന് മുകളിലൂടെയാണ് കല്ലും മണ്ണും ഒഴുകിയത്.
പാലത്തോട് ചേർന്ന റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഇതോടെ ഡാം സൈറ്റിലേക്കുള്ള ഗതാഗതം പാടെ നിലച്ചു. കക്കയം വനമേഖലയിലെ പവ്വർ ഹൗസിലേക്കുള്ള പൈപ്പ് ലൈൻ ഭാഗത്താണ് ഉരുൾപ്പൊട്ടിയത്.
ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ പുലർച്ച വരെ ശക്തമായി തുടരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉരുൾപ്പൊട്ടലിൽ ഈ പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്.ഇവിടെ ഒഴുകുന്ന പുഴ ഗതിമാറി ഒഴുകി കൃഷിയിടങ്ങൾ വെള്ളത്തിലായിട്ടുണ്ട്. ഡാം സൈറ്റ് റോഡരികിൽ താമസിക്കുന്ന അൻപതോളം വീട്ടുകാർ യാത്ര ചെയ്യാൻ സാധിക്കാതെ കുടുങ്ങി.
പേരാമ്പ്ര: പെരുവണ്ണാമൂഴി-ചെമ്പനോട റോഡിന്റെ ഭാഗമായ ഓനിപ്പുഴ പാലം ജല പ്രളയത്തിൽ മുങ്ങി. ഇന്നലെ വൈകീട്ടു മുതൽ പെയ്യുന്ന കനത്ത മഴയിൽ കുറ്റ്യാടിപ്പുഴയിലെത്തിച്ചേരുന്ന ഓനിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഇതോടെ പെരുവണ്ണാമൂഴിയിൽ നിന്നു ചെമ്പനോട പൂഴിത്തോട് റൂട്ടിൽ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.
ചങ്ങരോത്ത് പഞ്ചായത്തിലെ ആവടുക്കയിൽ തച്ചംപാറ അനീഷിന്റെ നിർമാണത്തിലിരിക്കുന്ന വീട് മഴയിൽ തകർന്നു. ബുധനാഴ്ച്ച കോൺക്രീറ്റ് നടക്കാനിരിക്കെയാണ് അപകടം. സാമ്പത്തിക പ്രയാസത്തെ തുടർന്ന് നിർത്തിവച്ച വീട് പ്രവൃത്തി ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരാരംഭിച്ചപ്പോളാണ് തകർന്നത്.
കുറ്റ്യാടി: ശക്തമായി തുടരുന്ന മഴയിൽ കുറ്റ്യാടി മേഖലയിലെ ഗ്രാമപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.കനത്ത മഴയിൽ വേളം പഞ്ചായത്തിലെ തീക്കുനി ടൗൺ മുഴുവൻ വെള്ളത്തിനടിയിലായിരിക്കയാണ്. എഴോളം കടകളിൽ വെള്ളം കയറിയിട്ടുണ്ട്. തീക്കുനി അരൂർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചിരിക്കയാണ്.
നാദാപുരം: ശക്തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വെള്ളം കയറി. വെളളൂർ,ചാലപ്പുറം,കുമ്മങ്കോട് മേഖലകളിൽ ഇന്നലെ രാത്രി തന്നെ വെള്ളത്തിനടിയിലായി.
റോഡരികില മിക്ക വീടുകൾക്ക് ചുറ്റും വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നത് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ വാണിമേൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വടകരയിലേക്ക് കുടിവെള്ളം പന്പ് ചെയ്യുന്ന വിഷ്ണു മഗലം ബണ്ട് കരകവിഞ്ഞൊഴുകകയാണ്.
ബണ്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. രണ്ട് ദിവസമായ മലയോരത്ത് കനത്ത മഴ തുടരുകയാണ്. സംസ്ഥാന പാതയിൽ വളയം റോഡ് കവല മുതൽ സിപിഎം ഓഫീസ് പരിസരം വരെയുളള റോഡ് പൂർണ്ണമായി വെളളത്തിനടിയിലായി.
രാത്രി പെയ്ത മഴയിൽ മിക്ക കടകളിലും റോഡിൽ കെട്ടി നിന്ന വെള്ളം കയറി. ഇത്തവണ മൂന്നാമത്തെ പ്രാവശ്യമാണ് മഴ വെള്ളം കടകളിൽ കയറുന്നത്. അഴുക്ക് ചലുകളുടെ ശുചീകരണം കഴിഞ്ഞ ദിവസം പൂർത്തിയായെങ്കിലും വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. കല്ലാച്ചി കുമ്മങ്കോട് റോഡും വെള്ളത്തിനടിയിലായി. സംശ്തന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇത് വഴിയുള്ള ഗതാഗതവും താറുമാറായി.
കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു: ഡാം തുറക്കും, ജാഗ്രതാ നിർദേശം
കൂരാച്ചുണ്ട്: തുടർച്ചയായ കനത്ത മഴയിൽ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതുമൂലം ഡാമിലെ വെള്ളം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. കക്കയം, കരിയാത്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഡാമിൽ ഒന്നര അടി ഉയരത്തിൽ കൂടി മാത്രമെ വെള്ളം നിറയാനുള്ള സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.