കോഴിക്കോട്: സഹകരണ ബാങ്കില്‍ വ്യാജ രേഖകളുണ്ടാക്കി സിപിഎം നേതാവുകൂടിയായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയതായി പരാതി . തട്ടിപ്പിനെതിരേ അധികാരികള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി ആറു മാസത്തിനകം പരാതിക്കാരന്റെ ആക്ഷേപങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാറോടാണ് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി ആറു മാസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിയമമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ചാത്തമംഗലം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്ന സംഭവത്തില്‍ കോഴിക്കോട് ചാത്തമംഗലം സ്വദേശി എം. വേലായുധനാണ് കോടതിയെ സമീപിച്ചത്. 2008 ലാണ് ബാങ്കിന്റെ കെട്ടാങ്ങല്‍ ബ്രാഞ്ചില്‍ വന്‍ തോതില്‍ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം സ്വദേശി വ്യാജരേഖകള്‍ സമര്‍പ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉള്‍പ്പെടെ സഹായത്തോടെ വലിയ തോതില്‍ ക്രമക്കേട് നടത്തിയെന്നാണ് പരാതി .
വ്യാജരേഖകള്വച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വായ്പകള്‍ എടുക്കുമ്പോള്‍ ബാങ്കിലെ ക്ലാര്‍ക്ക് ആയിരുന്ന ആൾ ഇപ്പോള്‍ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങള്‍ പുറത്തുവന്നതോടെ ഒരു വര്‍ഷത്തേക്ക് അവധി എടുത്തിരിക്കുകയാണ് സിപിഎം കുന്നമംഗലം ഏരിയാ നേതാവുകൂടിയായ ഇദ്ദേഹം.
സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് ഭരണസമിതിയിലെ ഉന്നതന്റെ ഉള്‍പ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയരുന്നത്. 2008 മാര്‍ച്ച് 18 നാണ് ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖകളുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്.
ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ നിശ്ചിത ശതമാനം വായ്പയായി നല്‍കാവുന്നതാണ്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ 85 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് എത്രയാണോ അതിനേക്കാള്‍ രണ്ട് ശതമാനം വരെ കൂടുതല്‍ പലിശ നിരക്ക് നല്‍കണമെന്നുമാത്രം.
പക്ഷേ തട്ടിപ്പുനടത്തിയ ജീവനക്കാരന് ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായിരുന്നില്ല. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മാത്രം ഉള്ള അദ്ദേഹം അത് ഫിക്സഡ് അക്കൗണ്ടാക്കി കാണിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. എസ്ബി അക്കൗണ്ടില്‍ തന്നെയാവട്ടെ വളരെ കുറഞ്ഞ തുക മാത്രമെ ഉണ്ടായിരുന്നുള്ളു .
ഇക്കാര്യം വ്യക്തമായ ബാങ്ക് അംഗം കൂടിയായ പരാതിക്കാരന് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയിലാണ് ഇതിന് മുമ്പും ഇതേ ജീവനക്കാരൻ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. 2008 ഫെബ്രുവരിയില്‍ 1,60,000 രൂപയും ഭാര്യയുടെ പേരിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നാലര ലക്ഷം രൂപയും പിന്‍വലിച്ചിരുന്നു.
ഭാര്യയുടെ പേരില്‍ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടില്‍ ഇത്രയും തുക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഈ തുകകള്‍ തിരിച്ചടയ്ക്കാനായാണ് പന്നീട് ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖയുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ വായ്പയെടുത്തത്. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയാണ് വേലായുധന് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത്.
ബാങ്ക് അധികൃതര്‍ക്കും ബാങ്ക് മാനേജ്മെന്റ് കമ്മിറ്റിയ്ക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് വേലായുധന് ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. കൃത്യമായ രേഖകളും തെളിവുകളുമെല്ലാം വെച്ച് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് അഡ്വക്കേറ്റ് പി.പി. ജേക്കബ് മുഖാന്തിരം ഹൈക്കോടതിയെ സമീപിക്കുന്നത്. രേഖകളൊന്നുമില്ലാതെ വായ്പയെടുക്കുകയും സേവിംഗ്സ് അക്കൗണ്ടില്‍ ഉള്ളതിലധികം പണം പിന്വലിക്കുകയുമെല്ലാമാണ് ചെയ്തിരിക്കുന്നത്.
ഇതേ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ഷന്‍ ഏജന്റായ ചാത്തമംഗലം കൂഴക്കോട് സ്വദേശി പി.കെ. ഹണിലാല്‍ കലക്ഷന്‍ തുക യഥാവിധി അടയ്ക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഡിവൈഎഫ്ഐ നേതാവുകൂടിയായ ഹണിലാല്‍ മറ്റ് വഴികളില്ലാതെ കിടപ്പാടം പണയം വെച്ച് പണം ബാങ്കില്‍ തിരിച്ചടയ്ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ഹണിലാലിന്റെ അച്ഛന് അടുത്ത കാലത്ത് മരിക്കുകയും ചെയ്തു.
പണം തിരിച്ചടച്ച സാഹചര്യത്തില്‍ ഹണിലാലിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് ഭരണസമിതിയില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടെങ്കിലും 2014 ല്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഡെപ്പോസിറ്റി കലക്ഷന്‍ ഏജന്റായ ഹണിലാലിന്റെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതായി പ്രസിഡന്റ് അന്ന് ഉത്തരവിറക്കി.
ബാങ്കില്‍ നിന്ന് വന്‍ തോതില്‍ ക്രമക്കേട് നടത്തി പണം തട്ടിയ ജീവനക്കാരനും അതിന് കൂട്ടു നിന്ന ബാങ്ക് പ്രസിഡന്റുമെല്ലാം ചേര്‍ന്നാണ് ഹണിലാലിനെ പുറത്താക്കിയതെന്ന് പരാതിക്കാരൻ ആരോപിച്ചു. സംഭവത്തെക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർക്ക് രേഖാമൂലം പരാതിനൽകിയിട്ടും തട്ടിപ്പുനടത്തിയ പാർട്ടി അംഗത്തിനെതിരെ നടപടി ഉണ്ടായിട്ടില്ല.