പിറവം: വർഷകാലത്ത് ചോർന്നൊലിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മാടവനയിൽ ചാത്തനും കുടുംബത്തിനും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം. രാമമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമിതിയുടെ സഹകരണത്തോടെയാണ് കിഴുമുറി കോളനിയിൽ താമസിച്ചുവന്നിരുന്ന കുടുംബത്തിന് പുതിയ വീടൊരുക്കിയത്.
ചാത്തനും, ഭാര്യ കാർത്ത്യായനിയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഏറെ ദുരിതത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രാമമംഗലം സബ് ഇൻസ്പെക്ടർ എം.പി. എബി വീട് നിർമിച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. പുതിയ വീടിന്റെ ഗ്രഹപ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം ആലുവ റൂറൽ എസ്പി രാഹുൽ ആർ. നായർ നിർവഹിച്ചു.
മുവാറ്റുപുഴ ഡിവൈഎസ്പി പി.കെ. ബിജുമോൻ, പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ സാജൻ സേവ്യർ, രാമമംഗലം എസ്ഐ എം.പി. എബി, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനികുമാരി, വൈസ് പ്രസിഡന്റ് പി.പി. സുരേഷ്കുമാർ, വാർഡംഗം ശോഭവന ശിവരാജൻ, എസ്.എൻ. സിതാര, ജിനു സി. ചാണ്ടി, കെ.വി. രാധാകൃഷ്ണൻ, സി.പി. ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.