കൊച്ചി: ചാത്തന് സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ ആവണിശേരി സ്വദേശി പ്രഭാത് ഭാസ്കരന്(44) കൂടുതല്‍ പേരെ തട്ടിപ്പിന് ഇരകളാക്കി. പ്രണയനൈരാശ്യത്തില്‍പ്പെട്ടവരും കുടുംബപ്രശ്നങ്ങള്‍ നേരിട്ടവരുമാണ് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തട്ടിപ്പിനിരയായത്. ഇത്തരക്കാരുടെ കൈയില്‍നിന്നും വശീകരണപൂജകളുടെ പേരില്‍ ലക്ഷങ്ങളാണ് പ്രഭാത് തട്ടിയത്.
സ്ത്രീകളും പുരുഷന്മാരടക്കം നിരവധിപേര്‍ തട്ടിപ്പിനിരയായെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഓരോ പൂജകള്‍ക്കും ഈടാക്കിയിരുന്നത് അന്‍പതിനായിരം മുതല്‍ മുക്കാല്‍ലക്ഷത്തോളം രൂപ വരെയാണ്. തൊണ്ണൂറ് ദിവസത്തില്‍ ഫലപ്രാപ്തിയെന്നായിരുന്നു വാഗ്ദാനം.
പൂജനടത്തിയിട്ടും ഗുണം ലഭിക്കാതെ നിരാശരായി എത്തുന്ന ഇരകളെ കൂടുതല്‍ പൂജകള്‍ നടത്താന്‍ പ്രേരിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പണത്തിന് പുറമെ സ്ത്രീകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയണ് പോലീസ്.
തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ആണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ കണ്ട പരസ്യം വഴിയാണ് പരാതിക്കാരിയായ വീട്ടമ്മ പ്രഭാതിന്റെ തൃശൂര്‍ അഷ്ടമിച്ചിറയിലുള്ള കേന്ദ്രത്തിലെത്തിയത്. കഴിഞ്ഞ മേയ് മാസത്തില്‍ പൂജനടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് വീട്ടമ്മ വീണ്ടും പ്രഭാതിനെ സമീപിച്ചു. പൂജയ്ക്കായി പാലാരിവട്ടം ചക്കരപറമ്പിലുള്ള പൂജാ കേന്ദ്രത്തിലെത്താന്‍ ആണ് ഇയള് വീട്ടമ്മയോടെ നിര്‍ദേശിച്ചത്. ഇവിടെ എത്തിയ പരാതിക്കാരിയെ പൂജയുടെ മറവില്‍ പ്രഭാത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ പൂജയുടെ ഫലസിദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് മാനസികമായി തളര്‍ന്ന വീട്ടമ്മ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുകയായിരന്നു. തുടര്‍ന്ന് പരാതി പാലാരിവട്ടം പോലീസിന് കൈമാറുകയായിരുന്നു.