പേരൂർക്കട: വേറ്റിക്കോണം ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയായി വീടുകൾക്കുനേരേ കല്ലേറ്. സംഭവത്തിന്റെ വാസ്തവം കണ്ടെത്തുന്നതിന് നാട്ടുകാർ ഒരുരാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നിട്ടും ’ചാത്തനേറ്’ നടത്തിയവരെ കണ്ടെത്താനായില്ല. പോലീസാണ് ഇതോടെ പുലിവാലു പിടിച്ചത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് വട്ടിയൂർക്കാവ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം രാത്രി ജാഗരൂകരായി. 12 മണി പിന്നിട്ടതോടെ വീടുകൾക്കുനേരേ കല്ലേറ് തുടങ്ങി. പോലീസുകാർ അരിച്ചുപെറുക്കിയിട്ടും ’ചാത്തനേറ്’ നടത്തിവരെ കണ്ടെത്താനായില്ല. കല്ലേറിൽ വീടുകളുടെ മേൽക്കൂര തകരുകയും വാഹനങ്ങളുടെ ഗ്ലാസുകൾ ഉടയുകയും ചെയ്തിട്ടുണ്ട്. കല്ലേറ് വ്യാപകമായതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
വരും ദിവസങ്ങളിലും കല്ലേറ് തുടരുകയാണെങ്കിൽ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ചാത്തനേറ് എന്ന് നാട്ടുകാർ പേരിട്ടുവിളിക്കുന്ന ഈ സംഭവത്തിന്റെ പിന്നിലുള്ള സാമൂഹ്യദ്രോഹികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വട്ടിയൂർക്കാവ് പോലീസ്.