പറവൂർ: ചാത്തനാട് കടമക്കുടി പാലത്തിൽ റീത്ത് വയ്ക്കുകയും നിൽപ്പ് സമരം നടത്തുമെന്ന് പറയുകയും ചെയ്ത ഇടതുമുന്നണി മുഖ്യമന്ത്രി ചെയർമാനായ ഗോശ്രീ ഡെവലപ്മെന്റ് അതോറിറ്റി ഓഫീസിന് മുന്നിലാണ് റീത്ത് വയ്ക്കേണ്ടതെന്ന് വി.ഡി. സതീശൻ എംഎൽഎ.
പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമാണം വൈകുന്നത് ജിഡയുടെ അനാസ്ഥ കൊണ്ടും സ്ഥലം ഏറ്റെടുക്കുന്നതിന് ഉണ്ടായ കാലതാമസവും മൂലമാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ ഒരു പ്രാവശ്യമാണ് ജിഡയുടെ കൗൺസിൽ യോഗം ചേർന്നത്.
ഇടതു സർക്കാർ വന്നതിനു ശേഷം പുനസംഘടിപ്പിച്ചതു തന്നെ രണ്ടര വർഷത്തിന് ശേഷമാണ്. പാലത്തിനപ്പുറം വൈപ്പിൻ നിയോജക മണ്ഡലവും ഇപ്പുറം പറവൂർ നിയോജകമണ്ഡലം ആണ്. 45 ഭൂഉടമകൾ അപ്പ്രോച്ച് റോഡ് നിർമിക്കാൻ വളരെ നേരത്തെ അനുമതി നൽകിയിട്ടും വൈപ്പിൻ മണ്ഡലത്തിലെ നാലുപേർ മാത്രമാണ് സമ്മതപത്രം നൽകാത്തത്.
ഇതുമൂലമാണ് സ്ഥലമെടുപ്പ് നീണ്ടു പോയത്. ഇതിനിടയിൽ സ്ഥലമെടുപ്പിന് രണ്ടുവർഷത്തോളം ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിരുന്നു ഇപ്പോൾ സ്ഥലമെടുപ്പ് അവസാനഘട്ടത്തിലാണ്. ജൂലൈ 14 16 തീയതികളിൽ നഷ്ടപരിഹാര പാക്കേജ് ഭൂ ഉടമകളുടെ പാക്കേജിന് ഹിയറിങ് തീരുമാനിച്ചിരിക്കുകയാണ്.
ഇത് കഴിഞ്ഞാൽ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്തു അപ്രോച്ച് റോഡിൻറെ നിർമാണം തുടങ്ങും. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാകുമെന്ന് മനസിലാക്കിയാണ് സമരക്കാർ രംഗത്തിറങ്ങിയിരിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.