ചാത്തന്നൂർ: ലോഡ്ജിൽ താമസിച്ചു രാസലഹരി കച്ചവടം നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പെരുംകുഴി നാലുമുക്ക് വിശാഖത്തിൽ ശബരി നാഥി( 42) നെയാണ് പാരിപ്പള്ളി ജംഗഷന് സമീപമുള്ള ലോഡ്ജിൽ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയത്.
2.060 ഗ്രാം എംഡി എംഎയും അളവ് തൂക്ക ഉപകരണങ്ങളും ഇയാളുടെ കൈയിൽനിന്നു പിടിച്ചെടുത്തു.
ചിറയിൻകീഴ് പോലീസ് കാപ്പ ചുമത്തിയിരിക്കുന്ന പ്രതിയാണ് പോലീസിനെ വെട്ടിച്ചു ലോഡ്ജുകളിൽ മുറി എടുത്തു താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നിരുന്നത്.
തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങൾ പാരിപ്പള്ളി പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ശബരിനാഥ് കടയ്ക്കാവൂർ, ചിറയിൽ കീഴ്പോലീസ് സ്റ്റേഷനുകളിലും നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. പാരിപ്പള്ളി എസ്എച്ച്ഒ ഡി.ദിപു , എസ്ഐമാരായ അശോകൻ, രാമചന്ദ്രൻ എഎസ്ഐ മാരായ ബിജു, ജയൻ സിപിഒമാരായ അജീഷ്, മനു, മനോജ് നാഥ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.