അങ്കമാലി: ചമ്പന്നൂർ വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്നുള്ള മലിനീകരണ പ്രശ്നങ്ങളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി കൂടുതൽ മലിനീകരണം നടത്തുന്ന 20 ഓളം കമ്പനികളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കമ്പനികളിൽനിന്ന് ഒഴുകി വരുന്ന മലിനജലം പരിശോധനയ്ക്കെടുത്തു.
വാർഡ് കൗൺസിലർ സാജി ജോസഫ് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം നിലനിൽക്കുകയാണ്. വായു, പുക മലിനീകരണം അസഹനീയമാണ്. കമ്പനികളിൽ ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ അന്യസംസ്ഥാന തൊഴിലാളികളുടെ വിസർജ്യങ്ങൾ വരെ ജലസ്രോതസുകളിലൂടെ ഒഴുകി വരുന്നുണ്ട്.
പ്രദേശത്ത് ഇപ്പോൾ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനികളിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതോടൊപ്പം പൊതുവായ ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി സ്ഥാപിച്ച് വെള്ളം ശുചീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.