ന്യൂഡൽഹി: ഒരു സ്ത്രീയെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാകാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം നടപടികൾ അന്തസും സ്വതന്ത്ര ജീവിതവും ഉറപ്പുനൽകുന്ന ഭരണഘടനയ്ക്ക് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഭരണഘടനയിലെ ആർട്ടിക്കിൾ 21നെ മൗലികാവകാശങ്ങളുടെ കാതൽ എന്ന് വിശേഷിപ്പിച്ച കോടതി, കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും എതിരായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റീസ് അരവിന്ദ് കുമാർ വർമ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
2023ൽ വിവാഹിതരായ ദന്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു.
കൂടാതെ ഭർത്താവിൽനിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണ് ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും കന്യകാത്വപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചത്.
- സ്വന്തം ലേഖകൻ