കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥയ്ക്ക് റിക്കാർഡ് വിൽപ്പന. പുസ്തകം പുറത്തിറങ്ങിയ ഇന്നലെ അയ്യായിരത്തിലധികം കോപ്പികളാണ് വിറ്റത്.
സ്വർണക്കടത്തു കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള നിരവധി സ്വകാര്യ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് ചിത്രങ്ങൾ.
ചെന്നൈയിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചു ശിവശങ്കർ തന്നെ വിവാഹം കഴിച്ചെന്നും സ്വപ്ന അവകാശപ്പെടുന്നു. “ചതിയുടെ പത്മവ്യുഹം’ എന്നാണ് പുസ്തകത്തിന്റെ പേര്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ ആരോപണങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് സ്വപ്ന.
പിണറായി വിജയന്റെ മകൾക്ക് ഐടി ഹബ് ആരംഭിക്കുന്നതിനായി ഷാർജ രാജകുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നു പുസ്തകത്തിൽ.
കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗത്തിനിടെ നടത്തിയ ഇടപാടുകൾ എണ്ണിയെണ്ണി പറയുന്നു. മുഖ്യമന്ത്രിയുടെ ദുബായി സന്ദർശനത്തിനിടെ കറന്‍സി കടത്താന്‍ ആവശ്യപ്പെട്ടത് അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു.
ചിലന്തിവല എന്ന അധ്യായത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചതികളെക്കുറിച്ചു വിവരിക്കുന്നുണ്ട്. താൻ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.
കോൺസുലേറ്റുമായി ബന്ധപ്പെട്ടു വലിയ തോതിൽ അനധികൃത പ്രവർത്തനങ്ങൾ നടത്താൻ ശിവശങ്കർ പദ്ധതിയിട്ടിരുന്നതായും പുസ്തകത്തിലുണ്ട്.
കോൺസുലേറ്റിൽ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റു നിയമനങ്ങളെക്കുറിച്ചും വിശദമായി പുസ്തകത്തിൽ വിവരണമുണ്ട്.
കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് “ചതിയുടെ പത്മവ്യൂഹ’ത്തിൽ. തൃശൂർ കറന്റ് ബുക്സ് ആണ് പ്രസാധകർ.