ന്യൂഡല്‍ഹി: ജൂണില്‍ ഇന്ത്യയില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യക്ക് പരീക്ഷണമാകുമെന്ന് ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ് ജിംഗന് പറഞ്ഞു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ആണ് ഉദ്ഘാടന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സംഘടിപ്പിക്കുന്നത്.
മുംബൈ ഫുട്ബോള്‍ അരീനയില്‍ ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെയാണ് മത്സരം. ഇന്ത്യക്കു പുറമെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ്തായ്പേ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. “ഈ ടൂര്‍ണമെന്റ് നല്ലതാണ്.
ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് തയാറെടുക്കുന്നതിന് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ഈ ടൂര്‍ണമെന്റ് ഇന്ത്യക്ക് വലിയൊരു പരീക്ഷയാണ്” ജിംഗന് പറഞ്ഞു. മികച്ച ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ കൂടുതല്‍ മികവ് ലഭിക്കും. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ മറ്റൊരു തലത്തില്‍ ഫുട്ബോള്‍ കളിക്കുന്നവരാണ്. ഇവര്‍ക്കൊപ്പം നമുക്ക് എത്താനായിട്ടില്ലെന്നും ജിംഗന് പറഞ്ഞു.
ഈ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള തയാറെടുപ്പാകുമെന്നും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും മികച്ച ടീമുകളാണെന്നും മികച്ച ടീമുകള്‍ക്കെതിരേ കളിക്കുന്നത് ആവശ്യമാണെന്നും പ്രതിരോധതാരം കൂട്ടിച്ചേര്‍ത്തു.