ടി.ജി.ബൈജുനാഥ്
പതിനൊന്നു വർഷം മുന്പ് തിരുവനന്തപുരം സ്വദേശി രഞ്ജീത്ത് കമലാശങ്കറും കോഴിക്കോട് സ്വദേശി സലിലും ബംഗളൂരുവിൽ കണ്ടുമുട്ടിയപ്പോൾ എന്നെങ്കിലും അവരൊന്നിച്ച് ഒരു മഞ്ജുവാര്യർസിനിമ സംവിധാനം ചെയ്യുമെന്നു കരുതിയിട്ടുണ്ടാകുമോ?
സിനിമയെന്ന നിത്യകാമുകിക്കു പിന്നാലെ കൂടിയപ്പോൾ 2020 ൽ അതു സംഭവിച്ചു. മഞ്ജുവാര്യർ ലീഡ് കഥാപാത്രമായ ‘ചതുർമുഖം’ ഇരുവരും ചേർന്നു സംവിധാനം ചെയ്തു.
മലയാളത്തിലെ ആദ്യ ടെക് നോ – ഹൊറർ സിനിമയായ (ഹൊററിന്റെ ഉടവിടം സയൻസും ടെക്നോളജിയുമായി വരുന്ന സിനിമ) ചതുർമുഖത്തിൽ സണ്ണി വെയ്ൻ, അലൻസിയർ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.
കോഹിനൂർ
ഷോർട്ട്്ഫിലിമുകളാണ് രഞ്ജിത്തിനെയും സലിലിനെയും അടുപ്പിച്ചത്. രഞ്ജീത്തിന്റെ ഷോർട്ട്ഫിലിമുകളിൽ സലിലും സലിലിന്റെ ഷോർട്ട്ഫിലിമുകളിൽ രഞ്ജീത്തും അസിസ്റ്റന്റായി.
സിനിമയെന്ന ഒരേയൊരു സ്വപ്നത്തിനായി 13 വർഷത്തെ ഐടി ജോലി ഉപേക്ഷിച്ച് 2013 ൽ ഇരുവരും ഒരുമിച്ചു നടന്നുതുടങ്ങി. രഞ്ജിത് ശങ്കറിന്റെ പുണ്യാളൻ അഗർബത്തീസിൽ സംവിധാനസഹായികളായി. തുടർന്നു സലിൽ ‘വർഷ’ത്തിൽ അസിസ്റ്റന്റായി.
എഴുതിവച്ചിരുന്ന ‘കോഹിനൂർ’ സ്ക്രിപ്റ്റ് സിനിമയാക്കാനായി അടുത്ത ശ്രമം. രണ്ടരക്കൊല്ലം അതുമായി നടന്നെങ്കിലും ഒന്നുമാകാതെ വന്നപ്പോൾ പുണ്യാളനിൽ പരിചയപ്പെട്ട അജു വർഗീസ് വഴി സ്ക്രിപ്റ്റ് ‘കിളിപോയി’ സിനിമയുടെ സംവിധായകൻ വിനയ് ഗോവിന്ദിനു കൈമാറി. 2015 ൽ കോഹിനൂർ തിയറ്ററുകളിലെത്തി.
അനിൽകുര്യൻ, അഭയ കുമാർ
അടുത്തതു സംവിധാനം എന്നു തീർച്ചപ്പെടുത്തി നിൽക്കുന്പോഴാണ് പുണ്യാളൻ അഗർബത്തീസിന്റെ സഹഎഴുത്തുകാരായ അനിൽകുര്യനും അഭയകുമാറും ഒരു ത്രഡുമായി രഞ്ജീത്തിനെയും സലിലിനെയും സമീപിച്ചത്.
ത്രഡ് വളരെ വ്യത്യസ്തമെന്നു കണ്ടതോടെ സംവിധാനം ചെയ്യുന്ന ആദ്യസിനിമ ഇതുതന്നെയെന്ന് ഇരുവരുമുറപ്പിച്ചു. 2015ലാണ് അതു തീരുമാനിച്ചതെങ്കിലും താരവും തിരക്കഥയും പ്രൊഡ്യൂസറുമൊക്കെ റെഡിയായി വന്നപ്പോൾ അഞ്ചു വർഷം കൂടിക്കഴിഞ്ഞു. അതാണ് ഉടൻ തിയറ്ററുകളിലെത്തുന്ന ചതുർമുഖം.
മഞ്ജുവാര്യർ
എല്ലാവരും ചിന്തിക്കുന്നതു പോലെ ഒരു നായകനു വേണ്ടിയാണ് സ്ക്രിപ്റ്റ് എഴുതിയത്. ഇത്തരം വ്യത്യസ്തമായ സബ്ജക്ടുകളിൽ താത്പര്യമുണ്ടെന്നറിഞ്ഞ് ഫീമെയിൽ ലീഡിൽ ഒരു ഹൊറർ ത്രില്ലർ എന്ന ആലോചനയിൽ മഞ്ജുവാര്യരെ സമീപിക്കാനുറച്ചു.
മഞ്ജുവിനുവേണ്ടി ലീഡ്് പെണ്കഥാപാത്രമാക്കി. കഥ മാറ്റിയെഴുതി. കഥ കേട്ട മഞ്ജു സമ്മതിച്ചുവെന്നു മാത്രമല്ല ഒരു പ്രൊഡ്യൂസറെ കണ്ടുപിടിക്കാനും സഹായിച്ചു. ഞെട്ടിക്കുന്ന എലമെന്റുകളുള്ള ആ കഥ വിട്ടുകളയാൻ മഞ്ജു ഒരുക്കമായിരുന്നില്ല.
നാലാമത്തെ മുഖം
നാലു മുഖങ്ങളെന്നു നേരെചൊവ്വെ പറഞ്ഞാലും ചതുർമുഖത്തിനു മറ്റുചില അർഥങ്ങൾ കൂടിയുണ്ടെന്ന് രഞ്ജീത്തും സലിലും.
മഞ്ജുവിന്റെ തേജസ്വിനി, സണ്ണി വെയിന്റെ ആന്റണി, അലൻസിയറിന്റെ ക്ലമന്റ്…ഈ മുഖങ്ങളെ മോഷൻ പോസ്റ്ററിൽ വെളിപ്പെടുത്തി.
നാലാമത്തെ മുഖം സസ്പെൻസാണെന്നു സംവിധായകർ. ശ്യാമപ്രസാദ്, നിരഞ്ജന അനൂപ്, നവാസ് വള്ളിക്കുന്ന്, കലാഭവൻ പ്രജോദ്, ബാബു അന്നൂർ, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, ബാലാജി ശർമ, ഷാജു ശ്രീധർ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ.
പ്രേതകഥയാണ്, പക്ഷേ…
ചതുർമുഖത്തിലൊരു പ്രേതമുണ്ടെന്നു സംവിധായകർ. അതു മഞ്ജുവാകാം. മഞ്ജുവിന്റെ മറ്റൊരു മുഖമാവാം. സണ്ണിയാവാം. നിരഞ്ജനയാവാം.
പ്രേതകഥയെന്നുകേട്ടപാടെ വെള്ള സാരിയുടുത്ത പ്രേതം, പ്രേതബാധയുള്ള ബംഗ്ലാവ്, മന്ത്രവാദി വന്നു പ്രേതത്തെ ഓടിക്കുന്നത്, കാറ്റ് മഴ ഇടിമിന്നൽ, പന… ഈ വക ക്ലീഷേകളൊക്കെ മനസിൽ പ്രതിഷ്ഠിച്ചെങ്കിൽ എല്ലാം മായ്ചു കളഞ്ഞോളൂ.
പ്രേതം എന്ന കോണ്സപ്റ്റ് തന്നെ ഏറെ വ്യത്യസ്തമായാണു രൂപപ്പെടുത്തിയതെന്നു സംവിധായകർ. അവർഗ്ലാസുമായി നിൽക്കുന്ന മഞ്ജുവും അതിലൊളിപ്പിച്ച നിഗൂഢതകളും അതി ന്റെ സൂചനകളാവാം.
തേജസ്വിനി
പെണ്ണിന് ഏറ്റവും പ്രധാനമായി വേണ്ടതു വിദ്യാഭ്യാസവും സാന്പത്തിക ഭദ്രതയുമാണെന്നും അതിനുശേഷമേ വിവാഹത്തിനു സ്കോപ്പുള്ളൂ എന്നും ഉറച്ചു വിശ്വസിക്കുന്ന കഥാപാത്രമാണ് തേജസ്വിനി.
മഞ്് ജുവിന്റെ ഭാവപ്രകടനങ്ങളും ജീവിതത്തോടുള്ള കാഴ്ചപ്പാടുമൊക്കെ നോക്കിയാൽ മഞ്ജുവിനുവേണ്ടി എഴുതിയ കഥാപാത്രമെന്നേ തോന്നു. മലയാളത്തിൽ നിന്നു മറ്റൊരാളെ ആ റോളിൽ സങ്കല്പിക്കാനാവില്ല: സംവിധായകർ പറയുന്നു.
സണ്ണി വെയ്ൻ
മഞ്ജുവിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുണ്ട് സണ്ണിയുടെ കഥാപാത്രത്തിനും. തേജസ്വിനിയും ആന്റണിയും കോളജ്മേറ്റ്സാണ്, അടുത്ത സുഹൃത്തുക്കളാണ്. കോളജിനുശേഷം ഇരുവരും ചേർന്ന് സിസിടിവി സെക്യൂരിറ്റി സർവലൻസ് സിസ്റ്റം തുടങ്ങുന്നു.
പല പ്രശ്നങ്ങളിലും തേജസ്വിനി സപ്പോർട്ടു തേടിയെത്തുന്നത് ആന്റണിയുടേ അടുത്തേക്കാണ്. തേജസ്വിനിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സൂപ്പർ നാച്വറൽ പ്രശ്നത്തിൽ ആന്റണിയുടെയും ക്ലമന്റിന്റെയും ഇടപെടലുണ്ടാവുകയാണ്.
അളന്നുകുറിച്ച്
എന്താണു കഥാപാത്രം, ആ സീനിൽ എന്താണു സംഭവിക്കുന്നത്, ആ സമയത്ത് കഥാപാത്രത്തിന്റെ മനസിലൂടെ എന്താണു കടന്നുപോകുന്നത് – ഇതു പറഞ്ഞുകൊടുത്താൽ മഞ്ജു ഒരു പെർഫോമൻസ് തരും. കുറച്ചുകൂടി വേണമെന്നു പറഞ്ഞാൽ അതിനും ഒരുക്കം.
അത്ര കൂടുതൽ വേണ്ട, കുറവുമാകേണ്ട രണ്ടിനുമിടയിലാണു വേണ്ടതെന്നു പറഞ്ഞാൽ അപ്പോഴും മഞ്ജു റെഡി. അളന്നുകുറിച്ച പെർഫോമൻസാണ്. സ്വന്തം ടാലന്റിലും വർക്കിലും മഞ്ജുവിനു നല്ല ധാരണയുണ്ട് – രഞ്ജീത്ത് പറയുന്നു.
ഡബ്ബിംഗിനും കയ്യടി
ക്ലൈമാക്സ് സീനിലെ മഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സെറ്റിൽ എല്ലാവരും കയ്യടിച്ചു. എല്ലാവരും കോരിത്തരിച്ചു നിന്നപ്പോൾ അലർച്ചയും നിലവിളിയുമൊക്കെയുള്ള ആ സീൻ എങ്ങനെ ഡബ്ബ് ചെയ്യും എന്നതായിരുന്നു സംവിധായകരുടെ ടെൻഷൻ.
സെറ്റിൽ പെർഫോം ചെയ്ത അതേ സൗണ്ടിൽ
അതേ മോഡുലേഷനിൽ അതേ എനർജിയിൽ ഡബ്ബിംഗ് സ്റ്റുഡിയോയിലും പെർഫോം ചെയ്ത്
മഞ്ജു വീണ്ടും കയ്യടി നേടി.
മഴയത്ത് മഞ്ജു
2019 ഡിസംബറിലെ തണുപ്പിൽ തിരുവനന്തപുര ത്തായിരുന്നു ഷൂട്ടിംഗ്. രാത്രി പത്തു മുതൽ രാവിലെ ആറു വരെ നീളുന്ന നൈറ്റ് സീക്വൻസുണ്ടായിരുന്നു, രണ്ടു മൂന്നു ദിവസം. അതിൽ മഞ്ജുവിന്റെ കഥാപാത്രം ഫുൾടൈം മഴയത്താണ്.
സെറ്റിൽ മറ്റുള്ളവർ ഡ്രൈ ഡ്രസ് ധരിച്ചിട്ടും തണുത്തുവിറച്ചിരുന്നപ്പോൾ ആറു മണിക്കൂറിലധികം മഞ്ജു നനഞ്ഞ ഡ്രസിൽ നിന്നു. അത്രത്തോളം കമിറ്റ്മെന്റുള്ള അഭിനേത്രിയാണ്. മഞ്ജു ആദ്യമായി റോപ്പ് സ്റ്റണ്ട്സ് ചെയ്തത് ഈ സിനിമയിലാണ്.
ജി മാസ്റ്ററാണ് ആക്്ഷൻ കൊറിയോഗ്രഫർ. ഡ്യൂപ്പില്ലാതെയാണ് മഞ്്ജു സ്റ്റണ്ട് സീക്വൻസ് ചെയ്തത്: സംവിധായകർ പറയുന്നു.
ഹൊറർ ത്രില്ലർ
ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്്ഷനുമൊത്തു ചേർന്ന് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവരാണ് ചതുർമുഖം നിർമിക്കുന്നത്.
എക് സി. പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ. ആമേൻ, നയൻ സിനിമകൾ ചെയ്ത അഭിനന്ദൻ രാമാനുജമാണു കാമറാമാൻ.
പാട്ടും പശ്ചാത്തലസംഗീതവും സൗണ്ട് ഡിസൈനുമൊരുക്കിയതു ഡോണ് വിൻസന്റ്. ശ്വേതാമോഹനും അമൃത ജയകുമാറുമാണു ഗായകർ. ഗാനരചന മനു മഞ്ജിത്ത്. എഡിറ്റിംഗ്
മനോജ്. കോസ്റ്റ്യൂം സമീറ സനീഷ്. കലാസംവിധാനം നിമേഷ് എം. താനൂർ. ചമയം രാജേഷ് നെന്മാറ. സ്റ്റിൽസ് രാഹുൽ എം. സത്യൻ. വിഎഫ്എക്സ് പ്രൊമൈസ്. വിതരണം സെഞ്ച്വറി ഫിലിംസ്. ഹൊററിനപ്പുറം ത്രില്ലർ മൂഡാണു പടത്തിനെന്നും സംവിധായകരായ രഞ്ജീത്തും സലിലും പറയുന്നു.