മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന ലേബലിലെത്തുന്ന സിനിമയാണ് ചതുർമുഖം. മഞ്ജു വാര്യരും സണ്ണി വെയിനും അലൻസിയറും മുഖ്യവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജീത് കമലാശങ്കറും സലിലും ചേർന്നാണ്.
ഇപ്പോഴിതാ, ചതുർമുഖത്തിന്റെ സെറ്റിൽ നടന്ന അവിശ്വസനീയ സംഭവങ്ങൾ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
സിനിമയുടെ ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നുവെന്നും ആദ്യം അത്ര കാര്യമാക്കിയില്ലെന്നും മഞ്ജു പറയുന്നു.
ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന് പിന്നീട് സംസാരമുണ്ടായി. അതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു തുടങ്ങി.
ഒരിക്കല്‍ തന്റെ മൊബൈലും നിലച്ചുവെന്നും കാരണമറിയാതെ ഭയന്നുവെന്നും അതോടെ ഹൊറർ സിനിമയായതുകൊണ്ടാണെന്ന് എല്ലാവരും ഉറപ്പിച്ചെന്നും മഞ്ജു കൂട്ടിച്ചേർത്തു.
“ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്. ഒരു പെയിന്റിംഗിന്റെ ഷോട്ട് എടുക്കുന്ന സീന്‍ ഉണ്ടായിരുന്നു.
ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിംഗ് നിലത്തേക്ക് പതിച്ചു. ഷൂട്ടിനിടെ എന്റെ മൊബൈല്‍ മാത്രമല്ല മറ്റുള്ളവരുടെ ഫോണുകള്‍ക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നു..’- മഞ്ജു വാര്യർ പറഞ്ഞു.