കുമരകം: കുമരത്തെ കല്ലേറ് നിഗൂഡമായി തുടരുന്നു. കല്ലേറു നടത്തുന്നവരെ നാട്ടുകാർക്കും പോലീസിനും ഇതുവരെ പിടികൂടാനായിട്ടില്ല.
ഒന്നിന് ഉച്ചയോടെയാണു ചിറയിൽ ഉദയകുമാറിന്റെ പാചകപ്പുരയുടെ മുകളിൽ മുക്കാൽ ഇഞ്ച് വലിപ്പം ഉള്ള കരിങ്കൽ പതിച്ചത്.
തുടർന്ന് നാലുപങ്കിൽ ദീപുവിന്റെ മുറ്റത്ത് മെറ്റലുകളും ചെങ്കല്ലിന്റെ കഷണങ്ങളും വന്നു വീണു. ദീപുവിന്റെ കുടുംബാംഗങ്ങൾ മുറിയിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റില്ല. കൂട്ടുമ്മേൽ റെജിയുടെ വീടിന്റെ മുകളിൽ കല്ല് വന്നു വീണു മേൽക്കൂരയുടെ ഷീറ്റ് പൊട്ടി മുറിക്കുള്ളിൽ വീണു.
വട്ടപ്പറന്പിൽ ഷിജു, രവീന്ദ്രൻ നാലുപങ്ക് എന്നിവരുടെ വീടുകൾക്കു മുകളിലും അന്നേ ദിവസം തന്നെ കല്ല് വീണ് ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി. വൈകുന്നേരം അഞ്ചുവരെ അയൽപക്കത്തുള്ള അഞ്ചു വിടുകളിലേക്കും കല്ലു വീണ് കേടുപാടുകൾ സംഭവിച്ചു.
പിറ്റേ ദിവസം പല തവണ വട്ടപ്പറന്പിൽ ഷിജുവിന്റ വീട്ടിലേക്കു കല്ലും മെറ്റലും പതിച്ച് ഷീറ്റുകൾ പൊട്ടി. കല്ലേറ് ആരംഭിച്ചതു മുതൽ നാട്ടുകാർ ഒത്തുകൂടി പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല. തുടർന്ന് കുമരകം പോലീസിൽ പരാതി നൽകി. രണ്ടു ദിവസം പോലീസ് നടത്തിയ അന്വേഷണവും വിഫലമായി.
നാട്ടുകാരും പോലീസും തെരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താനായില്ല. വീടുകളുടെ സമീപത്തുള്ള വിളക്കുമരക്കായലിലും നാലു പങ്ക് പാടത്തും ഇപ്പോൾ നെൽ കൃഷിയില്ലാത്തതിനാൽ വിജനമാണ്.
അവിടെ നിന്നും കല്ലെറിയാനുള്ള സാധ്യതയില്ലെന്നു നാട്ടുകാർ പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുന്പ് കരിയിൽ ഭാഗത്തും സമാന കല്ലു വർഷം ഉണ്ടായിട്ടുണ്ട്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ആളെ കണ്ടെത്തുകയും ചെയ്തിരുന്നു.