ചവറ: ചട്ടന്പി സ്വാമിയെ അറിയാൻ ശ്രമിക്കുന്നവർ നന്മയിലേക്ക് പോകുമെന്ന് വാഴൂർ തീർഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദർ പറഞ്ഞു. ചട്ടന്പിസ്വാമികളുടെ 94-ാമത് സമാധി വാർഷികം പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സ്വാമികൾ മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്. മനുഷ്യരിൽ മാത്രമല്ല എല്ലാ ജിവജാലങ്ങളിലും ഈശ്വരന്റെ അംശം ഉണ്ടെന്ന് കണ്ടെത്തിയ മഹാനായിരുന്നു ചട്ടന്പി സ്വാമികൾ. ഋഷിവര്യമാർ കാണിച്ച് തന്ന പാതയിലൂടെ ജിവിച്ച ചട്ടന്പി സ്വാമികൾ പ്രകൃതി സംരക്ഷണത്തിന്റെ വക്താവ് കൂടിയായിരുന്നു എന്നും പ്രജ്ഞാനാനന്ദ തീർഥപാദർ പറഞ്ഞു.
ദു:ഖം അനുഭവിക്കുന്നവരുടെ വേദന ഇല്ലാതാക്കിയ മനുഷ്യ സ്നേഹിയായിരുന്നു ചട്ടന്പി സ്വാമികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദർ പറഞ്ഞു.
മാധ്യമ പ്രവർത്തകൻ മോഹൻ ദാസ്, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, ചിന്മയ ധന്യാശ്രമം മഠാധിപത് സ്വാമി വിശുദ്ധാനന്ദ,സ്വാമി വിവേകാനന്ദ പഠന കേന്ദ്രം പുരുഷോത്തമ സ്വാമി, ചെന്നൈ വിദ്യാധിരാജ ധർമ്മ മഹാ സഭ സെക്രട്ടറി സി. കെ വാസുക്കുട്ടൻ, ജയന്തി ആഘോഷ കമ്മിറ്റി അംഗം പന്മന മഞ്ചേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാധിരാജ സാഹിത്യ മത്സര വിജയികളെ അനുമോദിച്ചു.