ചാട്ടവാറടി, അതും പൊതുജനമധ്യത്തിൽ. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിലെ ശിക്ഷാരീതി മാധ്യമങ്ങളിൽ വീണ്ടും വാർത്തയാവുകയാണ്. ബലാത്സംഗം, സ്വവർഗഅനുരാഗം, വിവാഹേതര ബന്ധം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവിടെ ചാട്ടവാറടി നൽകുന്നത്.
കഴിഞ്ഞ മാസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 146 പരസ്യ ചാട്ടവാറടിയാണ് ശിക്ഷ വിധിച്ചത്. 19 വയസുകാരനെയാണ് ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ചത്.
എന്നാൽ ചാട്ടവാറടി പൂർത്തിയാകും മുന്പ് ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വിട്ടാൽ ഉടൻതന്നെ ബാക്കി ചാട്ടവാറടി കൂടി നൽകും.
കഴിഞ്ഞ സെപ്റ്റംബറിൽ 169 ചാട്ടവാറടിയാണ് റോണി എന്നയാൾക്ക് വിധിച്ചത്. എന്നാൽ ഇയാളുടെ ആരോഗ്യം മോശമായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്.
ചൂതാട്ടം നടത്തിയ അഞ്ച് പേർക്ക് എട്ട് തവണയാണ് ചാട്ടവാറടി വിധിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിൽ മാത്രമാണ് ഈ ശിക്ഷാരീതി നിലനിൽക്കുന്നത്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചാട്ടവാറടി ശിക്ഷയ്ക്കെതിരേ രംഗത്ത് വന്നെങ്കിലും ഇവിടത്തെ നിയമം പഴയതുപോലെ തുടരുകയാണ്.