തളിപ്പറമ്പ്: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍.
കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ 20നാണ് പെണ്‍കുട്ടിയെ കൊളത്തൂരിലെ വിജനമായ റബര്‍തോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് സ്കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെ സ്കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഹുസൈന് കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത്.
സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തേര്‍ളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയില്‍ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത്.
വാഹിദിന്റെ ചാറ്റിംഗ് ലിസ്റ്റിൽ 46 പെൺകുട്ടികൾ
എസി മെക്കാനിക്കായ വാഹിദ് ജോലിക്കൊന്നും പോകാതെ നിരന്തരമായി പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. നാല്പത്തിയാറ് വിദ്യാർഥിനികള്‍ ഇയാളുടെ ചാറ്റിംഗ് വലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ കൂടുതലും ഹൈസ്കൂള്‍-
പ്ലസ്ടു വിദ്യാര്‍ഥിനികളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അശ്ലീല രംഗങ്ങളുള്ള സിനിമാ രംഗങ്ങള്‍ നിരന്തരമായി ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്തിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചാറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പല വിദ്യാർഥിനികളേയും പീഡിപ്പിച്ച് അവരുടെ നഗ്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിവെച്ചതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളില്‍ ചിലരേയും പോലീസ് അന്വേഷിച്ചുവരികയാണ്.
ചാറ്റിംഗ് കണ്ട് പോലീസുകാർ ഞെട്ടി
പെണ്‍കുട്ടികള്‍, പ്രത്യേകിച്ച് ഹൈസ്കൂള്‍-പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ അകപ്പെട്ടുപോയ ചാറ്റിംഗ് കെണികളുടെ വ്യാപ്തികണ്ട് അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാര്‍ പോലും ഞെട്ടി.
ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനെ ചോദ്യംചെയ്തപ്പോള്‍ പുറത്തുവന്നത് ഭയാനകമായ ചാറ്റിംഗ് കെണിക്കഥകള്. എട്ടാംക്ലാസ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർഥിനികളെയാണ് ഇയാള്‍ വലയിലാക്കുന്നത്.
മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്ന് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് പിന്നീട് വിവിധ ചാറ്റിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇടപെടല്‍ രീതികൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും വാഹിദിന്റെ വലയിലാവുന്നുണ്ട്. പരമാവധി രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ കുട്ടികളെ വലയില്‍ വീഴ്ത്തി സ്വന്തം ഇംഗിതത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കുടുംബവിവരങ്ങൾ കൂടി ശേഖരിച്ചാണ് അതീവ തന്ത്രപരമായി ഇരകളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാല്‍ പല വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കണ്ണൂരിന്റെ പുറത്തുള്ള പെണ്‍കുട്ടികളും വാഹിദിന്റെ ചാറ്റിംഗ് വലയില്‍ കുടുങ്ങിയിട്ടുണ്ട്. സമ്പന്ന കുടുംബാഗമായ വാഹിദ് ദിവസത്തിന്റെ സിംഹഭാഗവും പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താനായി ഉപയോഗിക്കാറാണ് പതിവെന്നും പോലീസ് പറഞ്ഞു.
തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈന്‍, എ എസ് ഐ എ.ജി.അബ്ദുള്‍റൗഫ്, സീനിയര്‍ സിപിഒമാരായ. സ്നേഹേഷ്, ഗിരീഷ്, സിപിഒമാരായ ദിനേഷ്, വിപിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്തുവരുന്ന വാഹിദിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.