കാവല്ക്കാരന് കള്ളനാണ് എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് തടയിടുന്നതിനായാണ് ഞാനും കാവല്ക്കാരന് എന്ന പ്രസ്താവന നരേന്ദ്രമോദിയും ബിജെപിയും പുറത്തിറക്കിയത്. എന്നാല്‍ അത് പലപ്പോഴും അവര്‍ക്ക് തന്നെ തിരിച്ചടിയാവുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
ഇപ്പോഴിതാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ഒരു ബിജെപി എംപിയും മോദിയുടെ ഞാനും ചൗക്കിദാര്‍ പ്രയോഗത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി എംപി അന്‍ഷുള്‍ വര്‍മ്മയാണ് പാര്‍ട്ടി വിട്ടത്.
ലക്നൗവിലെ ബിജെപി ഓഫീസിന്റെ ചൗക്കീദാറിനാണ് (വാച്ച്മാന്) വര്‍മ്മ രാജി സമര്‍പ്പിച്ചത്. അത് വലിയ വിവാദവുമായിരുന്നു. രാജി കത്തിനൊപ്പം വാച്ച്മാന് 100 രൂപയും അന്‍ഷുള്‍ വര്‍മ്മ നല്‍കിയിരുന്നു. ബിജെപിയുടെ ചൗക്കിദാര്‍ ക്യാമ്പയിനിനെ പരിഹസിച്ചായിരുന്നു നടപടിയെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സമാജ്വാദി പാര്‍ട്ടിയിലാണ് അന്‍ഷുള്‍ വര്‍മ്മ ചേര്‍ന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
താന്‍ വികസനത്തിനാണ് മുന്‍ഗണന നല്‍കിയത്. എന്റെ പേര് അന്‍ഷുള്‍ എന്നാണെന്നും തനിക്ക് ചൗക്കിദാര്‍ ആകേണ്ടെന്നും അന്‍ഷുള്‍ കൂട്ടിച്ചേര്‍ത്തു. മേല്‍ജാതിക്കാരനല്ലാത്തതിനാലാണ് ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതെന്ന വിമര്‍ശനവും വര്‍മ്മ ഉന്നയിച്ചു.