മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ഇതിവൃത്തമാക്കി നിർമിച്ച “ഛാവ’ എന്ന ചിത്രത്തിനെതിരേ മഹാരാഷ്ട്ര മന്ത്രി രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടീസറിലെ നൃത്തം ചെയ്യുന്ന ഒരു രംഗം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയത്.
ചരിത്രത്തെ വളച്ചൊടിക്കുന്നതും ആക്ഷേപകരവുമായ എന്തെങ്കിലും രംഗമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നാണു ഞങ്ങളുടെ നിലപാടെന്നു മന്ത്രി പറഞ്ഞു. ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മഡോക്ക് ഫിലിംസ് നിർമിച്ച “ഛാവ’ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം 1681ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.