ചാവക്കാട്: കാലവർഷത്തോടൊപ്പം കടലേറ്റം രൂക്ഷമായപ്പോൾ കടപ്പുറം പഞ്ചായത്തിൽ അന്പതോളം വീട്ടുകാർ വെള്ളത്തിലായി. ഏതാനും വീട്ടുകാർ മാറി താമസിച്ചു.മഴ ആരംഭിച്ചതോടെ കടൽ കരയ്ക്കു കയറുന്ന പതിവില്ല. ഇന്നലെ പതിവു തെറ്റിച്ച് ഉച്ചകഴിഞ്ഞപ്പോൾ കടൽ കയറാൻ തുടങ്ങി. തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭമാണുണ്ടായത്. കടൽഭിത്തി തകർന്ന സ്ഥലത്ത് മാത്രമല്ല, കടൽ ഭിത്തിക്കു മുകളിൽകൂടിയും തിരമാല ആഞ്ഞടിച്ചു.
അപ്രതീക്ഷിതമായ കടലാക്രമണത്തിൽ വീട്ടുകാർ കിട്ടാവുന്നത് എടുത്ത് ഓടി. അപ്പോഴേക്കും വീടുകൾ വെള്ളക്കെട്ടിലായി. തൊട്ടാപ്പ് മുതൽ മുനക്കക്കടവ് വരെയുള്ള ഭാഗത്താണ് കടലേറ്റം രൂക്ഷം. അഴിമുഖം മേഖലയിലും കടൽക്ഷോഭം രൂക്ഷമാണ്.
കടൽഭിത്തി ഇല്ലാത്തതാണ് ഇത്രയും കടൽ കരയ്ക്കു കയറിയതെന്നു തീരദേശവാസികൾ പറയുന്നു. അടിയന്തരമായി തീരം സംരക്ഷിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തകർന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിനു നടപടി എടുക്കുന്നില്ലെന്നു ആരോപിച്ച് കടലോരവാസികൾ ഞങ്ങളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നു ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയോടെ പിൻവലിഞ്ഞ കടൽ ഇന്നു ഉച്ചകഴിഞ്ഞ് വീണ്ടും ക്ഷോഭിക്കുമെന്ന് തീരപ്രദേശത്തുള്ളവർ പറഞ്ഞു. ഉച്ചകഴിഞ്ഞിട്ടാണ് കടലാക്രമണം രൂക്ഷമാകുന്നത്. കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിലും പ്രളയത്തിലും ഭാഗികമായി തകർന്ന പുത്തൻ കടപ്പുറത്തെ ഫിഷ്ലാന്റിംഗ് സെന്റർ ഇന്നലത്തെ ആക്രമണത്തിൽ കൂടുതൽ തകർന്നു. ഏതു നിമിഷവും അത് നിലംപതിക്കാം.
കടലാക്രമണ വിവരമണിഞ്ഞ് ടി.എൻ.പ്രതാപൻ എംപി കടപ്പുറത്ത് എത്തി. അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.കടൽക്ഷോഭത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ റവന്യു – ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
റവന്യു – ഇറിഗേഷൻ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും. അഹമ്മദ് കുരിക്കൾ റോഡിനു പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി യോഗം വിളിക്കും. വെള്ളം ഒഴുക്കിവിടുന്നതിനു മൂന്നു സ്ഥലങ്ങളിൽ കൾവർട്ട് നിർമിക്കുന്നതിനു നടപടികൾ വേഗത്തിലാക്കാൻ പ്രതാപൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ, മറ്റ് ജനപ്രതിനിധികളായ സി.മുസ്താക്കലി, വി.എ.മനാഫ്, പി.എ. അഷ്ക്കറലി, പി.എം.മുജീബ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.