ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽനിന്ന് രണ്ടുദിവസം മുന്പ് മത്സ്യബന്ധനത്തിനു പോയി കടലിൽ കുടുങ്ങിയിരുന്ന രണ്ട് ഫൈബർ ബോട്ടുകളിൽ ഒരെണ്ണം ഇന്നുരാവിലെ തിരിച്ചെത്തി. മറ്റൊന്ന് തീരത്തേക്ക് വരുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിഴിഞ്ഞം സ്വദേശികളായ എട്ട് മത്സ്യത്തൊഴിലാളികൾ 30-ന് വൈകീട്ടാണ് ബ്ലാങ്ങാട് ബീച്ചിൽനിന്ന് മത്സ്യബന്ധനത്തിനു പോയത്.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തി തിരിച്ച് ബ്ലാങ്ങാട്ടേക്ക് വരുന്പോഴാണ് കടലും തീരവും ഇളകിമറിയുന്ന വിവരം അറിയുന്നത്. കാറ്റിനെയും തിരമാലകളെയും അതിജീവിച്ച് വിഴിഞ്ഞം സ്വദേശികളുടെ ലിജിമോൾ എന്ന ബോട്ട് സുരക്ഷിതമായി മുനയ്ക്കകടവിൽ എത്തി. ഇതിലെ നാലു തൊഴിലാളികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്ന് തീരുദേശ പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ബ്ലാങ്ങാട് എത്തേണ്ടതായിരുന്നു ബോട്ടുകൾ. കടൽക്ഷോഭം ചാവക്കാടിന്റെ ചില മേഖലകളിൽ രൂക്ഷമാണ്. മുനയ്ക്കകടവിലെ ചിലവീടുകളിൽ വെള്ളം കയറുന്നുണ്ട്. ഇവിടെനിന്നും ഏതാനും വീട്ടുകാർ ഇന്നലെ രാവിലെ താമസം മാറി. മുനയ്ക്കകടവിലെ തീരദേശ പോലീസ് സ്റ്റേഷന്റെ കെട്ടിടത്തിലേക്ക് വെള്ളം അടിച്ച് കയറുന്നുണ്ട്. തീരദേശ പോലീസും ടോട്ടൽ കെയർ ആംബുലൻസും എല്ലാ സജീകരണങ്ങളുമായി മുനയ്ക്കകടവിൽ നിലയുറപ്പിച്ചിട്ടുണ്ട്. റവന്യൂ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കയ്പമംഗലത്ത് കടൽ ഉൾവലിഞ്ഞു
കയ്പമംഗലം: കയ്പമംഗലം തീരമേഖലയിൽ കടൽ ഉൽവലിഞ്ഞ് ചളിനിറഞ്ഞ നിലയിലായത് ജനങ്ങളെ ആശങ്കയിലാക്കി. ഇന്നലെ രാത്രിയോടെ കടൽ തിരിച്ച് കയറി. സംസ്ഥാനത്ത് ഉടനീളമുള്ള കാലാവസ്ഥ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് മേഖലയിലും ഇന്നലെ വൈകീട്ടോടെ കടൽ ഉൽവലിഞ്ഞത്.പെരിഞ്ഞനം,വഞ്ചിപ്പുര,കൂരിക്കുഴി മേഖലയിൽ എല്ലാം കടൽ പുറകിലോട്ട് പോയി തീരത്തേക്ക് ചളി അടിച്ച് കയറുന്ന അവസ്ഥയിലാണ്.
എന്നാൽ മേഖലയിൽ തിരമാലകൾക്ക് ശക്തി കുറവാണ്.കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റത്തിൽ ആശങ്കയിലാണ് മൽസ്യതൊഴിലാളികളും തീരദേശവാസികളും.മൽസ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുത് എന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്നലെ രാത്രി ഒന്പതോടെ കടൽ തിരിച്ച് കയറുകയായിരുന്നു. കടൽ ഇറങ്ങിയത റിഞ്ഞ് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കടലോരത്ത് എത്തിയിരുന്നു.