ചാവക്കാട്: നവീകരിച്ച ദേശീയപാത തുറന്നു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കെ.വി.അബ്ദുൽ ഖാദർ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞമാസം 21 മുതൽ നവീകരണത്തിനായി റോഡ് അടച്ചിരിക്കുകയായിരുന്നു.
മിനി സിവിൽ സ്റ്റേഷന് സമീപം മുതൽ മുല്ലത്തറ വരെ വെള്ളക്കെട്ട് പതിവായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് 290 മീറ്റർ ദൂരത്തിൽ തറയോട് വിരിച്ചത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് 94 ലക്ഷം രൂപ അനുവദിച്ചിരുന്നു.ടൈൽ വിരിയോടൊപ്പം മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്ത് നവീകരണം നടത്തും. കൈവരികളും സ്ഥാപിക്കും.
റോഡ് ഉയർന്നപ്പോൾ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് കാന നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. കാന നിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ എംഎൽഎ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി.
നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അധ്യക്ഷനായിരുന്നു. ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ ഷീന കുര്യൻ, എൻജിനിയർ ഐസക് വർഗീസ്, നഗരസഭ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ,് എ.സി.ആനന്ദൻ, എം.ബി.രാജലക്ഷ്മി, കെ.എച്ച്.സലാം, എ.എച്ച്.അക്ബർ, പി.ഐ.വിശ്വംഭരൻ, പി.പി.നാരായണൻ, എ.എ.മഹേന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.സി.സാലില, സി.വി.സംഗീത എന്നിവർ പ്രസംഗിച്ചു.
കാസർഗോഡ് സ്വദേശി ബി.കെ.മുഹമ്മദ് കുഞ്ഞിയാണ് കരാറുകാരൻ. ഇന്ന് മുതൽ ബുധനാഴ്ച വരെ ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് മാത്രം പോകാം. വ്യാഴാഴ്ച മുതൽ എല്ലാത്തരം വാഹനങ്ങൾക്കും കടന്ന് പോകാം.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന റോഡ് അടച്ചത് ഏറെ ദുരിതമായിരുന്നു. പ്രതിഷേധത്തിനും കാരണമായി.