ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി.
ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ അലിക്കുട്ടിയുടെ മകൻ മുഹമ്മദ് ഗസ്സാലിയുടെ കാലിനാണ് തളർച്ച ബാധിച്ചത്.
ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. തലവേദനയും ഛർദിയുമായി എത്തിയ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണിച്ചു. ഡോക്ടർ ഇൻജക്ഷന് എഴുതി കൊടുത്തു.
പുരുഷ നഴ്സ് ഇരു കൈകളിലും കുത്തിവയ്പ്പ് നൽകി. അരയിൽ കുത്തിവയ്പ് എടുക്കാൻ കുട്ടി വിസമ്മതിച്ചു. പിന്നീട് നഴ്സ് ദേഷ്യപ്പെട്ടാണ് അരയിൽ കുത്തിവയ്പ് നടത്തിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
ഇതേ തുടർന്ന് കുട്ടിക്ക് കാൽ താഴെ വെക്കാതെയായി. ഡോക്ടറോട് പരാതിപ്പെട്ടപ്പോൾ പുരട്ടാൻ മരുന്ന് എഴുതി കൊടുത്തു.എന്നാൽ ഇടതുകാൽ തളരുകയും നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തുകയും ചെയ്തതോടെ അടുത്ത ദിവസം അധ്യാപികയായ മാതാവ് കോഴിക്കോടും കോട്ടക്കലിലുമുള്ള ആശുപത്രികളിലേക്ക് കുട്ടിയെ കൊണ്ടുപോവുകയും വിദഗ്ധരായ ഡോക്ടർ കാണിച്ച് ചികിത്സ തേടി.
ഇഞ്ചക്ഷനെ തുടർന്ന് കുട്ടിയുടെ ഇടതു കാലിലെ പേശികൾക്ക് ബലക്ഷയം സംഭവിച്ചതായും നാഡീ ഞരമ്പുകൾക്ക് ക്ഷതം പറ്റിയിട്ടുണ്ടെന്നും കണ്ടെത്തി.
കാൽ പാദങ്ങൾ ചലിപ്പിക്കാൻ കഴിയാത്ത ഗസ്സാലി പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ കായിക മേളയിൽ ഓട്ടത്തിന് പങ്കെടുക്കാൻ പോയ കുട്ടിക്ക് ഇപ്പോൾ സ്കൂളിൽ പോകാൻ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി കുമാർ അറിയിച്ചു.