കെ. ടി. വിൻസന്റ്
എത്ര കണ്ടാലും മതിവരാത്ത കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികളെ ചാവക്കാട്ടേക്ക് വരൂ. ചാവക്കാട് ബീച്ച് നിങ്ങളുടെ കടൽക്കാഴ്ചകൾക്ക് പുതിയ അനുഭവങ്ങൾ തരും. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് തൃശൂർ ജില്ലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടിയത് വർഷാവർഷം ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികൾ മൂലമാണ്.
അതുകൊണ്ടുതന്നെ ചാവക്കാട് ബീച്ചിന്റെ നവീകരണവും വികസനവും കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ചാവക്കാട് ബീച്ചിന് കൂടുതൽ അഴകൊരുക്കാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജും സജ്ജമാക്കിയതോടെ ഇവിടെയൊക്കെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി.
നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തയാറാക്കിയത്. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആണിത്.
കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള നിരവധിപേർ ചാവക്കാട് ബീച്ച് കാണാൻ എത്താറുണ്ട്. ഗൾഫിലുള്ള ചാവക്കാട്ടുകാർ പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും എത്രയോ വിദേശ സഞ്ചാരികൾ ഇവിടെയൊക്കെ എത്തുന്നു. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്.
തീർഥാടന ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് ചാവക്കാട് ബീച്ചിനെ കാത്തിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിശ്വപ്രസിദ്ധ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർഥാടകർക്കും ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖല കൂടിയാണിത്.
ചാവക്കാട് ബീച്ചിൽ
കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്കാണ് മുഖ്യ ആകർഷണം. മഡ് റൈഡിംഗ്, സ്പീഡ് ബോട്ട് റൈഡിംഗ്, കുതിരി സവാരി തുടങ്ങിയവയാൽ ബീച്ച് സജീവമാണ്. വിനോദത്തോടൊപ്പം നിരവധി പേർക്ക് തൊഴിലവസരം കൂടി സൃഷ്ടിക്കാൻ ഇതുമൂലം കഴിഞ്ഞു.
വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേനായി രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. നടപ്പാക്കാനിരിക്കുന്നതും വളരെ വിപുലമായ വികസന പദ്ധതികൾ തന്നെ.
എംഎൽഎ ഫണ്ട് വിനിയോഗിച്ച് ബീച്ചിൽ സൗന്ദര്യവത്ക രണവും സൗകര്യവത്കരണവും ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ബീച്ചില്‍ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി സെൽഫി പോയിന്റ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് സ്ഥാപിക്കുമെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
ഹൈമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം, പ്രവേശന കവാടം എന്നിവ തയാറാക്കി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാനൊരുങ്ങുകയാണ് ചാവക്കാട് ബീച്ച്. 2016 ലാണ് വിനോദ സഞ്ചാരപാത തുറക്കുന്നതിനായി ചാക്കാട് ബീച്ചിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനത്തിലൂടെ ബീച്ചിന്റെ മുഖച്ഛായ തന്നെ മാറി.ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1. 46 കോടി രൂപയും മുൻ എംഎൽഎ കെ.വി. അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷവും അനുവദിച്ചിരുന്നു. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികൾ നടപ്പാക്കിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ബീച്ച് ഫെസ്റ്റിവെല്ലിൽ 1.10 ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന് ലഭ്യമായത്. 25,000 ത്തോളം വിനോദ സഞ്ചാരികളാണ് കടലിന്റെ മനോഹാരിത ആസ്വദിക്കാൻ ഓണാവധി ദിവസങ്ങളിൽ എത്തിയത്.
ചാവക്കാട് കടപ്പുറത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കടലിന്റെയും നദിയുടെയും സംഗമമായ അഴിമുഖവും ഇവിടുത്തെ പ്രത്യേകതയാണ്.