ചാവക്കാട്: കണ്മുന്നിൽ കൂട്ടുകാരായ മൂന്നു പേർ മുങ്ങിത്താഴുന്നത് കണ്ട് കരയിലുണ്ടായിരുന്ന രണ്ടു കൂട്ടുകാർ ഒന്നു നിലവിളിച്ചിരുന്നെങ്കിൽ മൂന്നു പേരെയും രക്ഷപ്പെടുത്താമായിരുന്നുവെന്ന് സമീപത്ത് മരപ്പണി നടത്തിയിരുന്നവർ പറഞ്ഞു.
ഞങ്ങൾ ചാടി രക്ഷ പ്പെടുത്തുമായിരുന്നു. അധികം വെള്ളമില്ലാത്ത സ്ഥലത്താണ് വരുണും സൂര്യയും മുഹാസിനും ചെളിയിൽ താഴ്ന്നത്.
ഇവരോടൊപ്പം കുളിക്കാൻ പോയിരുന്നവർ കൂട്ടുകാർ ചെളിയിൽ താഴുന്നതുകണ്ട് ഓടിപ്പോവുകയായിരുന്നു. അയൽവാസികളായ ഇവർ വിവരം വീട്ടിലും അറിയിച്ചില്ല.
നല്ല ചൂട് ഒന്നു കുളിച്ചിട്ടുവരാം എന്നു പറഞ്ഞു പോയിരുന്നവരെ വൈകീട്ടും കാണാതായപ്പോഴാണ് വീട്ടുകാർ തെരച്ചിലിനിറങ്ങിയത്. അവരോടൊപ്പം ഓടിപ്പോയ കൂട്ടുകാരും ഉണ്ടായിരുന്നു.
തെരച്ചിലിനിടയിൽ ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാരാണു വിവരം പോലീസിനോടു പറഞ്ഞത്. ചോദ്യം ചെയ്തപ്പോഴാണ് ഇവരെല്ലം തുറന്നു പറഞ്ഞത്.
തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർ മുങ്ങിയ സ്ഥലം ഇവർതന്നെയാണ് കാണിച്ചുകൊടുത്തത്. ഓടിപ്പോയ കൂട്ടുകാർ വലിയ മാനസികസംഘർഷത്തിലാണെന്നു പോലീസ് പറഞ്ഞു.
തുറന്നുപറയാനുള്ള ഭയമാണ് ഇവർ ഓടിപ്പോകാൻ കാരണമായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിട്ടുവേണം ഒന്നടിച്ചുപൊളിക്കാനെന്നു പറയാറുള്ള മുഹാസിന് ഒരു പരീക്ഷകൂടി ബാക്കിയുള്ളപ്പോഴാണ് പരീക്ഷയില്ലാത്ത നാട്ടിലേക്കു പോയത്. വിവരമറി ഞ്ഞ മാതാപിതാക്കൾ തളർന്നുവീണു.
ബന്ധുക്കൾക്കും ഇത്തവണ പെരുന്നാൾ ദുഃഖം നിറഞ്ഞതായി.മകനെ തേടിയുള്ള അജിതയുടെ കണ്ണീരിനു മുന്നിൽ വീട്ടുകാരും നാട്ടുകാരും തേങ്ങുകയാണ്.
അവരുടെ വീട്ടിൽ ഉയരുന്നത് കൂട്ടനിലവിളിയാണ്. ഭർത്താവ് നഷ്ടപ്പെട്ട അജിത മകനെ പൊന്നുപോലെയാണു നോക്കിയിരുന്നത്.
വരുണിന്റെ മാതാവ് വിവരമറിഞ്ഞയുടനെ തലചുറ്റി വീണതാണ്. പിന്നീട് ഓർമ വന്നിട്ടില്ല. ഗൾഫിലുള്ള പിതാവ് നാട്ടിൽ വരാൻ ശ്രമിക്കുന്നുണ്ട്. എൻ.കെ.അക്ബർ എംഎൽഎ മൂന്നു വീടുകളിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.