ചാവക്കാട്: ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിലായി. ഈ മാസം ഏഴിന് 21.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിലായതിന്റെ തുടർച്ചയാണ് ഇന്ന് മൂന്നുപേർ കൂടി കുടുങ്ങിയത്. തൃശൂർ ജില്ലക്കാരായ സുകുമാരൻ(47), രവി(48), റാഫി(47) എന്നിവരെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നേരത്തെ പിടിയിലായവർ വിതരണത്തിനായി രണ്ടു ലക്ഷം രൂപ ഈ സംഘത്തിന് കൊടുത്തിരുന്നു. വിതരണത്തിന് കൊണ്ടുപോകാനായി പ്രതികൾ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടിച്ചെടുത്തത്. ഒരു ലക്ഷം രൂപ കൂടി കണ്ടെടുക്കാനായി പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്. ജില്ലയുടെ പല ഭാഗത്തുനിന്നുള്ള വീടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഏതാനും പേർ കൂടി പിടിയിലാകുമെന്നാണ് സൂചന.
കള്ളനോട്ട് നിർമിച്ച് നോട്ടിരിട്ടിപ്പ് നടത്തിയിരുന്ന മൂന്നംഗ സംഘത്തെയാണ് നോട്ട് നിർമാണ സാധനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ഏഴിന് ചാവക്കാട് പോലീസ് പിടികൂടിയത്. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ റെയ്ഡ് തുടങ്ങിയത്.