തൃശൂർ: ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കൃതിയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി “അറിവിന്റെ നേർവെളിച്ചം’ എന്ന സാമൂഹ്യ സംഗീത നാടകം ആദ്യമായി ഇന്ന് അരങ്ങിലെത്തും. വൈകീട്ട് 6.30നു തൃശൂർ ടൗണ്‍ഹാളിലാണ് നാടകം അവതരിപ്പിക്കുകയെന്നു സിഎംഐ ദേവമാത പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ സിഎംഐ ദേവമാത പ്രൊവിൻസും സിഎംസി നിർമല പ്രൊവിൻസും സംയുക്തമായിട്ടാണ് നാടകാവതരണത്തിനു നേതൃത്വം നല്‍കുന്നത്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ കൃതിയാണ് നല്ല അപ്പന്റെ ചാവരുൾ.
കുടുംബങ്ങൾ നവീകരിക്കുന്നതിനും മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും എഴുതിയതാണ്. പരിയാരം സിഎസ്ആറിലെ ചാവറ ഫാമിലി കമ്യൂണിക്കേഷനാണ് നാടകം തയാറാക്കിയത്. രണ്ടര മണിക്കൂറാണ് ദൈർഘ്യം. സംഗീതവും കോമഡിയും നൃത്തവും ചേർത്താണ് കഥ പറയുന്നത്.
ഫാ.വിൽസൻ തറയിൽ തിരക്കഥയും സുനി ചെറിയാൻ സംവിധാനവും നിർവഹിച്ചു. പ്രവേശനം സൗജന്യമാണ്.
നാടകാവതരണത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ഫാ. സിന്റോ നങ്ങിണി, എ.ഡി.ഷാജു, സി.എ.ഫ്രാൻസിസ്, ജെയ്സണ്‍ മഞ്ഞളി എന്നിവരും പങ്കെടുത്തു.