ചവറ: നടപ്പാലം തകർന്നുവീണു മരിച്ച മൂന്ന് കമ്പനി ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കൈമാറാനുള്ള നടപടി പൂർത്തിയായി. ആദ്യഘട്ടം 10 ലക്ഷം രൂപ വീതം നൽകാനുള്ള അനുമതിയാണ് സർക്കാരിൽ നിന്നും ലഭ്യമായതെന്ന് കെ എം എം എൽ കമ്പനി അധികൃതർ അറിയിച്ചു.
പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 35 പേർ തിരുവനന്തപുരം , കൊല്ലം , കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 20 പേർ കമ്പനി ജീവനക്കാരാണെന്നും 15 പേർ പ്രദേശവാസികൾ ആണെന്നും കമ്പനി അധികൃതർ പറഞ്ഞു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ നാലു പേർ തിരുവനന്തപുരത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ് . പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ പൂർണമായും കമ്പനിയാണ് വഹിക്കുന്നത്.
പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ കെ എം എം എൽ മാനേജിംഗ് ഡയറക്ടർ കെ.കെ. റോയി കുര്യൻ , യൂണിറ്റ് ഹെഡ് രാഘവൻ , ജനറൽ മാനേജർ അജയകൃഷ്ണൻ , പബ്ലിക് റിലേഷൻ മാനേജർ അനിൽ മുഹമ്മദ് , മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ആശുപത്രികളിൽ സന്ദർശിച്ച് വേണ്ട ചികിത്സകൾ നൽകാൻ നിർദേശിക്കുന്നുണ്ട്.
കമ്പനി ഡോക്ടറുടെ നേതൃത്വത്തിൽ പരിക്കേറ്റവർക്ക് പ്രത്യേക പരിചരണവും നൽകി വരുന്നുണ്ട്. അപകടത്തെ കുറിച്ച് കമ്പനി തല അന്വേഷണം ഫയർ ആന്റ് സേഫ്റ്റി ഡെപ്യൂട്ടി ജനറൽ മാനേജരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.