വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: കഥകളി രംഗത്തെ നിറ സ്ത്രീ സാന്നിധ്യമായിരുന്ന ചവറ പാറുക്കുട്ടി മൺമറഞ്ഞിട്ട് ഒരു വർഷം തികയുന്നു. ചവറ പാറുക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ജന്മനാടിനെന്ന പോലെ കലാരംഗത്തെയും കണ്ണീരിലാഴ്ത്തിയിരുന്നു.
ഇന്നും ജനമനസുകളിൽ ഒരു നൊമ്പരമായി നിൽക്കുകയാണ്. 2019 ഫെബ്രുവരി ഏഴിന് രാത്രി 10 ഓടെ ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .സ്ത്രീ വേഷങ്ങൾക്കൊപ്പം പുരുഷവേഷങ്ങളിലും അരങ്ങിൽ തിളങ്ങിയ മഹാ നടിയായിരുന്നു ചവറ പാറുകുട്ടിയെന്ന് കലാരംഗത്തുള്ളവർ ഇന്നും സ്മരിക്കുന്നു .
പുരുഷ ആധിപത്യമുള്ള കാലഘട്ടത്തിലാണ് ചവറ പാറുകുട്ടി ഈ കലാരംഗത്തേയ്ക്ക് കടന്നു വന്നിരുന്നത്. മിക്ക പ്രസിദ്ധ കഥകളി നടന്മാരോടുമൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ട്. ചെങ്ങന്നൂർ രാമൻ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ,കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂർ വാസുദേവൻ നായർ, ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള എന്നിവർക്കൊപ്പം വിവിധ വേദികളിൽ വേഷം കെട്ടിയിട്ടുണ്ട് .
നിരവധി അവാർഡുകളും ആദരവുകളും ലഭിച്ചിട്ടുണ്ട്. രോഗങ്ങൾ ശരീരത്തെ പിടികൂടിയെങ്കിലും അവസാന നാളുകളിലും ചവറ പാറുക്കുട്ടി പൊതു വേദികളിൽ സജീവമായിരുന്നു.
50 വർഷത്തിലേറെയായി കലാരംഗത്ത് തേജസായി നിന്ന ആട്ടവിളക്കിനെയാണ് ജന്മനാട് ആദരവോടെ സ്മരിക്കുന്നത് .