ചവറ: കരാട്ടെ പഠിക്കാനെത്തിയ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
കരാട്ടെ ക്ലാസിൽ ചേർന്നതിന് പിന്നാലെ രതീഷ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചു. തുടർന്ന് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മൈസൂരുവിലായിരുന്ന പ്രതി ട്രെയിനിൽ കൊല്ലത്ത് എത്തിയ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.