ചാത്തന്നൂർ: പാരിപ്പള്ളി പുലിക്കുഴി പ്രദേശവാസികളുടെ ദാഹമകറ്റുന്ന ജലസ്രോതസിന് ശനിദശ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇക്കാര്യം കണ്ട മട്ടില്ല. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ വാർഡിലെ പൂവത്തൂർ ചാവരമ്പലം കുളമാണ് കഴിഞ്ഞ എട്ട് വർഷമായി മണ്ണ് മൂടി ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നത്.നൂറിലധികം പട്ടികജാതി കുടുംബങ്ങളുടെ ദാഹമകറ്റിയിരുന്ന കുളമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്നത്.
കടുത്ത വേനലിൽപോലും ഉറവ വറ്റാത്ത കുളത്തിന്റെ വശങ്ങൾ പത്ത് വർഷം മുമ്പാണ് ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പാറ കെട്ടി ബലപ്പെടുത്തിയത്. മഴ സമയത്ത് മലിനജലം ഒലിച്ചിറങ്ങുന്നത് തടയാൻ പിന്നീട് ശേഷിക്കുന്ന ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ കൂടി നടത്തിയെങ്കിലും കുളത്തിന്റെ വശങ്ങൾ അപ്പാടെ ഇടിഞ്ഞുവീണ് കുടിവെള്ള ശേഖരണം തടസപ്പെടുകയായിരുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് കുളത്തിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾ ഇപ്പോൾ മുന്നൂറ് രൂപയ്ക്ക് ഒരു ടാങ്ക് വെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ്.പൊളിഞ്ഞ കുളത്തിന്റെ ഓരത്ത് കെട്ടികിടക്കുന്ന മലിനജലം ശേഖരിക്കാൻ പോലും ദൂരദേശങ്ങളിൽ നിന്ന് ആളുകൾ വാഹനത്തിലെത്താറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.കുടിവെള്ളം കിട്ടാക്കനിയായിട്ടും കുളം നവീകരിക്കാൻ അധികാരികൾ തയാറാവാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.
ഒരു നാടിന്റെ ദാഹമകറ്റുന്ന ജലസ്രോതസിനോട് അധികൃതർ കാട്ടുന്ന അവഗണനയ്ക്ക് ഒരു ന്യായീകരണവുമില്ല. കൂലിപ്പണിക്കാരായ കുടുബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇപ്പോഴും ഇവിടെ നിന്ന് കുടിക്കാനായി വെള്ളം ശേഖരിക്കുന്ന കുടംബങ്ങളുണ്ട്.
ബ്ലോക്ക്,പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാനുള്ള ശ്രമം അടിയന്തരമായി ഉണ്ടാവണമെന്നും കുളത്തിന്റെ ശോചനീയാവസ്ഥ പഞ്ചായത്തിന്റെ ജലവകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം കുളം നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.