പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയിൽ നിന്നു വടകരക്കു വെള്ളം വിടുന്ന വലതുകര പ്രധാന കനാലിന്റെ ഭാഗമായ ചവറംമൂഴി നീർപ്പാല ത്തിലുണ്ടായ ചോർച്ച വീണ്ടും കൂടി. നീർപ്പാലത്തിൽ കഴിഞ്ഞ ദിവസം പൊട്ടലുണ്ടായ ഭാഗത്ത് ഇരുമ്പ് ഷീറ്റ് സ്ഥാപിച്ച് മണൽചാക്ക് അട്ടിയിട്ട് ചോർച്ചയും മർദ്ദവും നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിരുന്നു.
ഇത് ഒരു പരിധി വരെ പ്രയോജനം നൽകിയെങ്കിലും പ്രതിരോധ സംവിധാനങ്ങൾക്കിടയിലൂടെ കൂടിയ നിലയിൽ ജലപ്രവാഹം വീണ്ടും ഉണ്ടായിരിക്കുകയാണ്. ജലത്തിന്റെ സമ്മർദ്ദം അധികരിച്ച് നീർപ്പാലം തകർന്നാൽ വലിയ ദുരന്തത്തിനിടയാക്കുമെന്നതിൽ സംശയമില്ല.
പ്രധാന കനാൽ കടന്നു പോകുന്ന ഭാഗത്ത് ചവറംമൂഴി കുന്നിലെ കരിങ്കൽ ക്വാറിയിലുണ്ടാകുന്ന സ്പോടനങ്ങളുടെ ആഘാതം നീർപ്പാലത്തെ ബാധിക്കുന്നുണ്ടോയെന്ന പരിശോധന ജിയോളജി വിഭാഗം അടിയന്തിരമായി നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മേഖലയിലെ സ്കൂൾ ബിൽഡിംഗുകളെയും പ്രകമ്പനം ബാധിക്കുന്നതായി നേരത്തെ ആരോപണമുണ്ട്. പ്രശ്നത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.